
ഗോഹട്ടി: ഭാരത ക്രിക്കറ്റ് നായകന്‍ ശുഭ്മാന്‍ ഗില്ലിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അടുത്ത ടെസ്റ്റില്‍ കളിപ്പിക്കാന്‍ തിടുക്കം കാട്ടില്ലെന്ന് ഭാരത ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കോട്ടക്. ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഗില്ലിന്റെ സുഖവിവരം സംബന്ധിച്ച് പ്രതികരിക്കുമ്പോഴായിരുന്നു കോട്ടക്കിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ഗില്‍ കഴുത്തിലെ പേശിവലിവിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയത്.
ആദ്യ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ രണ്ടാമത് ബാറ്റ് ചെയ്ത ഭാരതത്തിനായി മൂന്ന് പന്തുകള്‍ മാത്രം നേരിട്ടു നില്‍ക്കെയാണ് ഗില്ലിന് പേശി വലിവ് അനുഭവപ്പെട്ടത്. കഴുത്തുവേദന സഹിക്കാനാവാതെ വന്നതോടെ കളംവിട്ടു. പിന്നീട് മത്സരം തീരുന്നത് വരെ തിരികെയെത്തിയില്ല. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്‌ച്ച ഗോഹട്ടിയിലെ ബാര്‍സ്പര സ്റ്റേഡിയത്തിലാണ്. ഭാരത ടീമിനൊപ്പം ഗില്ലും ഗോഹട്ടിയിലേക്ക് ബുധനാഴ്‌ച്ച യാത്ര തിരിച്ചിട്ടുണ്ട്. പക്ഷെ മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീലനത്തിനിറങ്ങിയില്ല.
ചികിത്സയില്‍ കഴിയുന്ന ഗില്‍ നന്നായി സുഖം പ്രാപിക്കാന്‍ അനുവദിക്കും എന്നായിരുന്നു കോട്ടക് പറഞ്ഞത്. കഴിഞ്ഞ ദിവസം അദ്ദേഹം ഗില്ലിനെ കണ്ടിരുന്നുവെന്നും പൂര്‍ണ സജ്ജനായാല്‍ വിളിക്കാമെന്ന് ഫിസിയോയും ഡോക്ടര്‍മാരും പറഞ്ഞതായും കോട്ടക് പറഞ്ഞു. പൂര്‍ണമായും സുഖപ്പെട്ടില്ലെങ്കില്‍ വീണ്ടും പേശിവലിവ് വരാന്‍ സാധ്യതയുണ്ടെന്ന് മെഡിക്കല്‍ സംഘം അറിയിച്ചതായി കോടക് പറഞ്ഞു.