സമര്‍ഖണ്ഡ് : ഫിഡെ ഗ്രാന്‍റ് സ്വിസ് 2025 ചെസ്സില്‍ പത്താം റൗണ്ട് പിന്നിട്ടതോടെ പ്രജ്ഞാനന്ദ തോല്‍വി ഏറ്റുവാങ്ങിയതോടെ കിരീടസാധ്യതയില്ലാത്തവരുടെ പട്ടികയിലേക്ക് വീണു. നേരത്തെ ഗുകേഷും ഈ പട്ടികയില്‍ വീണുപോയിരുന്നു.
രണ്ടാം സ്ഥാനത്ത് പക്ഷെ നേരിയ കിരീടപ്രതീക്ഷയുണര്‍ത്തി രണ്ട് പേരുണ്ട്- നിഹാല്‍ സരിനും അര്‍ജുന്‍ എരിഗെയ്സിയും. പത്താം റൗണ്ടില്‍ ഇരുവരും സമനില നേടിയതോടെ ഇരുവര്‍ക്കും ആറര പോയിന്‍റായി. പക്ഷെ ഒന്നാം സ്ഥാനത്ത് അഞ്ച് പേരാണ് ഉള്ളത്. ഇവര്‍ക്ക് ഏഴ് പോയിന്‍റുകള്‍ ഉണ്ട്. വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ വൈശാലി പത്താം റൗണ്ടില്‍ വന്‍വിജയം നേടി ഏഴര പോയിന്‍റോടെ റഷ്യയുടെ കാതറിന ലഗ്നോയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
പ്രജ്ഞാനന്ദയ്‌ക്ക് നിര്‍ണ്ണായക റൗണ്ടില്‍ തോല്‍വി
പത്താം റൗണ്ടില്‍ വിജയിച്ചിരുന്നെങ്കില്‍ പ്രജ്ഞാനന്ദയ്‌ക്ക് ആറര പോയിന്‍റോടെ രണ്ടാം സ്ഥാനത്തേക്ക് എത്താമായിരുന്നു. പക്ഷെ യുഎസ് താരം ഹാന്‍സ് നീമാനോട് പിടിച്ചുനില്‍ക്കാന്‍ പ്രജ്ഞാനന്ദയ്‌ക്ക് സാധിച്ചില്ല. ഇതോടെ എഴ് പോയിന്‍റോടെ ഹാന്‍സ് നീമാനും ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.
നിഹാല്‍ സരിനും എരിഗെയ്സിക്കും സമനില
നിഹാല്‍ സരിന്‍ ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവുമായി സമനില പിടിക്കുകയായിരുന്നു. അതുപോലെ അര്‍ജുന്‍ എരിഗെയ്സിക്ക് യു യംഗിയോട് സമനില വഴങ്ങേണ്ടിവന്നു.
പുരുഷവിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് അഞ്ച് പേര്‍
ഹാന്‍സ് നീമാന്‍, ജര്‍മ്മന്‍ താങ്ങളായ വിന്‍സെന്‍റ് കെയ്‌മര്‍, മതിയാസ്, ഡച്ച് താരംഅനീഷ് ഗിരി, ഫ്രഞ്ച് താരം അലിറെസ ഫിറൂഷ എന്നിവര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. പത്താം റൗണ്ടില്‍ ഇവര്‍ക്കെല്ലാം സമനില വഴങ്ങേണ്ടി വന്നു. ഏഴ് പോയിന്‍റ് വീതമാണ് ഇവര്‍ക്കുള്ളത്.
ഒന്നാമതായി വൈശാലി
പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി വലിയ പോരാട്ടമാണ് കാഴ്ചവെയ്‌ക്കുന്നത്. ഒമ്പതാം റൗണ്ടില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വൈശാലി മരിയാ മ്യൂസിചുക്കിനെ അട്ടിമറിക്കുകയായിരുന്നു. പല ഘട്ടത്തിലും സമയസമ്മര്‍ദ്ദം അനുഭവപ്പെട്ടെങ്കിലും വൈശാലി അതിനെയെല്ലാം മറികടന്ന് വിജയം കൊയ്തെടുക്കുകയായിരുന്നു. ഇതോടെ ഏഴര പോയിന്‍റായ വൈശാലി ഒന്നാമതെത്തി. ഇനി ഒരു റൗണ്ട് കൂടിയെ മാറ്റമുള്ളൂ. കാതറിന ലഗ്നോയ്‌ക്കാകട്ടെ സമനില വഴങ്ങേണ്ടിവന്നതിനാല്‍ അവര്‍ക്കും ഏഴര പോയിന്‍റേ ഉള്ളൂ.