
ന്യൂദല്‍ഹി: കോടതി പരിസരത്ത് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവില്‍ ഭേദഗതി നിര്‍ദേശിച്ച് സുപ്രീം കോടതി . സവിശേഷമായ സാഹചര്യങ്ങളില്‍ കോടതി പരിസരത്ത് നിന്ന് പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോടതി പരിസരത്ത് സംഭവിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങള്‍ തടയുക, ഒരു കുറ്റകൃത്യം ചെയ്ത ഉടനെ തന്നെ പ്രതിയെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യേണ്ടിവരിക, പ്രതി കോടതി പരിസരത്ത് ഒളിച്ചിരിക്കുന്നത് തടയുക എന്നീ സാഹചര്യങ്ങളില്‍ അറസ്റ്റ് ആകാമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവില്‍ നല്‍കിയിരിക്കുന്ന ‘കോടതി പരിസരം’ എന്നതിന്റെ നിര്‍വചനം സുപ്രീം കോടതി അംഗീകരിച്ചു. ‘ കോടതി പരിസരം’ എന്നത് കോടതി മുറികള്‍ മാത്രമല്ല, കോടതിയുടെ പ്രവൃത്തി സമയത്ത്, കോടതി നടപടികളുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന എല്ലാ ഭൂമികളും കെട്ടിടങ്ങളും (ക്വാര്‍ട്ടേഴ്സ് ഒഴികെ) ഉള്‍പ്പെടും. അറസ്റ്റ് സംബന്ധിച്ച ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ ‘വളരെ നിയന്ത്രിതമായിപ്പോയെന്ന് ‘ എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‌റെ കത്തിന്‌റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടായത്. ഇതു ചോദ്യം ചെയ്ത് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി ഭേദഗതി വരുത്തിയത്. പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ തലങ്ങളില്‍ രൂപീകരിച്ച കമ്മിറ്റിയിലും പൊലീസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്താന്‍ കോടതി ഉത്തരവിട്ടു. ക്രമസമാധാന പരിപാലനത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.