
ഗുരുവായൂര്‍: ഏകാദശി ഗീതാദിനം കൂടിയാണെന്നതിന്റെ ഭാഗമായി ഇന്ന് സന്ധ്യക്ക് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കുന്നതിന്റെ പ്രതിമ സ്ഥാപിച്ച രഥം നാമജപമന്ത്രങ്ങളോടെയും വാദ്യമേളങ്ങളോടെയും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവയുണ്ടാവും.
നാരായണാലയത്തില്‍ നിന്നും പാര്‍ത്ഥസാരഥിയിലേക്ക് നാമജപഘോഷയാത്രയും നടക്കും. രാത്രി വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം ഇടക്കയുടെ അകമ്പടിയോടെ നടക്കുമ്പോള്‍ ക്ഷേത്രത്തിന്റെ അകത്തളം നെയ് വിളക്കിന്റെ നിറശോഭയില്‍ തെളിയും. മേളത്തിന്റെ അകമ്പടിയോടെയാണ് അഞ്ചാമത്തെ പ്രദക്ഷിണം. ഏകാദശി വ്രതമെടുക്കുന്നവര്‍ക്കുള്ള പ്രത്യേക പ്രസാദ ഊട്ടിന് വിപുലമായ സംവിധാനങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്നലക്ഷ്മി ഹാളിലും, അതിനോട് ചേര്‍ന്നുള്ള പ്രത്യേക പന്തലിലും, കൂടാതെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലുമായി ഗോതമ്പുചോറ്, കാളന്‍, പുഴുക്ക്, ഗോതമ്പുപായസം എന്നിവയോടെയായുള്ള ഏകാദശി വ്രതവിഭവങ്ങള്‍ നല്‍കും. ദ്വാദശിപ്പണ സമര്‍പണത്തോടെയാണ് ഏകാദശി ചടങ്ങുകള്‍ സമാപിക്കുക. ക്ഷേത്രക്കൂത്തമ്പലത്തിലാണ് ദ്വാദശിപ്പണ സമര്‍പണം.