
ഗുരുവായൂര്‍: വ്രതശുദ്ധിയോടെ നോമ്പ്നോറ്റ് ഏകാദശി പുണ്യം നുകര്‍ന്ന് ആത്മസായൂജ്യം നേടി ഗുരുപവനപുരിയില്‍ നിന്ന് ഭക്തര്‍ മടങ്ങി. വ്രതാനുഷ്ഠാനങ്ങളോടെ ഏകാദശിനോറ്റ് പതിനായിരങ്ങളാണ് ഇന്നലെ ദ്വാദശിപ്പണ സമര്‍പ്പണം നടത്താനെത്തിയത്. ഇന്ന് ത്രയോദശി ഊട്ടോടെ ഈ വര്‍ഷത്തെ ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.
ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാട്, ശ്രീകണ്ഠന്‍ സോമയാജിപ്പാട്, ഭട്ടിപുത്തില്ലത്ത് രാമാനുജന്‍ അക്കിത്തിരിപ്പാട്, പെരുമ്പടപ്പ് ഹൃഷികേശന്‍ സോമയാജിപ്പാട്, ആരൂര്‍ ഭട്ടതിരി വാസുദേവന്‍ സോമയാജിപ്പാട്, വെളളാംപറമ്പ് മിഥുന്‍ അടിതിരിപ്പാട്, നടുവില്‍ പഴയിടം നീലകണ്ഠന്‍ അടിതിരിപ്പാട് എന്നിവര്‍ ദ്വാദശിപണ സമര്‍പ്പണത്തിന് നേതൃത്വം നല്‍കി.
ദ്വാദശിപ്പണ സമര്‍പ്പണത്തിനായി ഇന്നലെ പുലര്‍ച്ചെ മുതല്‍ നട അടയ്‌ക്കുന്നതുവരെ ഭക്തജനങ്ങളുടെ വന്‍ തിരക്കായിരുന്നു. ഗുരുവായൂരപ്പന്‍ നേരിട്ട് ഭക്തന് ശ്രാദ്ധം ഊട്ടുന്നുവെന്ന സങ്കല്‍പത്തില്‍ ഇന്ന് ത്രയോദശി ഊട്ട് നടക്കും.
തുടര്‍ന്ന് തന്ത്രിമാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കീഴ്ശാന്തിമാര്‍ രുദ്രതീര്‍ത്ഥക്കുളവും, ഓതിക്കന്‍മാര്‍ മണിക്കിണറും ശ്രീലകവും പുണ്യാഹം നടത്തും.