തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച കല്യാണമേളം. ഏകദേശം 200ലേറെ വിവാഹങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച നടക്കുക.
വിവാഹങ്ങളുടെ ബുക്കിംഗ് 200 കവിഞ്ഞു. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ താലികെട്ട് തുടങ്ങും. നിലവിലെ നാല് കല്യാണ മണ്ഡപങ്ങള്‍ക്ക് പുറമേ രണ്ട് മണ്ഡപങ്ങള്‍ കൂടി സജ്ജമാക്കും.
വധൂവരന്മാരും വിവാഹ സംഘവും മുഹൂര്‍ത്തത്തിന് മുമ്പ് മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിന്റെ തെക്കുഭാഗത്തെ റിസപ്ഷന്‍ കൗണ്ടറില്‍ എത്തി ടോക്കണ്‍ എടുത്താല്‍ പ്രത്യേക പന്തലില്‍ വിശ്രമിക്കാന്‍ സൗകര്യമുണ്ട്.
മുഹൂര്‍ത്തത്തിന് മുമ്പ് ഇവരെ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിലേക്കും തുടര്‍ന്ന് കല്യാണ മണ്ഡപത്തിലേക്കും എത്തിക്കും. ഒരു വിവാഹ സംഘത്തില്‍ നാല് ഫോട്ടോഗ്രാഫര്‍മാര്‍ അടക്കം 24 പേര്‍ക്ക് പ്രവേശനം ഉണ്ടാകും. ദര്‍ശനത്തിന് പുലര്‍ച്ചെ നിര്‍മാല്യം മുതല്‍ ഭക്തരെ കൊടിമരത്തിന് സമീപത്തു കൂടി നേരിട്ട് നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും.