• Mon. Oct 20th, 2025

24×7 Live News

Apdin News

ഗുരുവായൂർ ക്ഷേത്രത്തിൽ വിലപിടിപ്പുള്ള വസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിൽ വൻ ക്രമക്കേട്; സ്വർണ്ണം, രത്നം, വെള്ളി എന്നിവയുടെ രേഖകൾ സൂക്ഷിക്കുന്നില്ല

Byadmin

Oct 20, 2025



തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിൽ വൻ ക്രമക്കേടെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. 2019 മുതൽ 22 വരെയുള്ള കാലത്തെ ഓഡിറ്റ് റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. വഴിപാടായി ലഭിക്കുന്ന സ്വർണ്ണം രത്നം വെള്ളി ചെമ്പുപാത്രങ്ങൾ എന്നിവയുടെ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എസ്‌ബിഐ ഗോൾഡ് ഡെപ്പോസിറ്റ് സ്‌കീമിൽ നിക്ഷേപിച്ച സ്വർണം യഥാസമയം പുതുക്കി വയ്‌ക്കാത്തതിനാൽ 79 ലക്ഷം രൂപ നഷ്‌ടം വന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്ഷേത്രത്തിൽ ലഭിക്കുന്ന വിലപിടിപ്പുള്ള വസ്‌തുക്കൾ അക്കൗണ്ട് ചെയ്യുന്നില്ല. പാലക്കാട് സ്വദേശി 2002ൽ ക്ഷേത്രത്തിൽ നൽകിയ 2000 കിലോ തൂക്കംവരുന്ന 15 ലക്ഷം രൂപ വിലയുള്ള ഉരുളി കണക്കിൽ ചേർത്തിട്ടില്ല.

ഭക്തർ നൽകിയ ചാക്കുകണക്കിനുള്ള മഞ്ചാടിക്കുരു കാണാതായി, കുങ്കുമപ്പൂവ് രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ല, സ്വർണ്ണക്കുടയുടെ കാലിലുണ്ടായിരുന്ന 140 ഗ്രാം വെള്ളിയും കാണാനില്ല തുടങ്ങിയ കാര്യങ്ങളും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പുന്നത്തൂർ ആനക്കോട്ടയിലെ ആനക്കൊമ്പ് ചെത്തിയതിൽ 530ലധികം കിലോ കാണാനില്ലെന്ന വിവരവും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇക്കാര്യം എസ്‌എഫ്‌ഒ നിഷേധിച്ചു.

ആനക്കോട്ടയിൽ നിന്ന് ശേഖരിച്ച ആനക്കൊമ്പിന്റെ അവശിഷ്‌ടങ്ങൾ പൂർണമായും സർക്കാർ ലോക്കറിലുണ്ടെന്നാണ് എസ്‌എഫ്‌ഒയുടെ പ്രതികരണം. ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച പരാതി സ്വകാര്യ വ്യക്തി സമർപ്പിച്ചിട്ടുണ്ട്. അതേസമയം, ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിച്ചിരുന്നുവെന്നും ഇക്കാര്യങ്ങൾ വിശദമായ സത്യവാംങ്‌മൂലം ഹൈക്കോടതിയിൽ നൽകിയിട്ടുണ്ടെന്നും ഗുരുവായൂർ ദേവസ്വം പ്രതികരിച്ചു.

By admin