കോട്ടയം: എഡിഎമ്മിന്‌റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി പി ദിവ്യയുടെ ആരോപണം വ്യാജ പരാതിയിലാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ലാന്‌റ് റവന്യൂ ജോയിന്‌റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, ഇതു സംബന്ധിച്ച് തുടക്കത്തില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാതിരുന്ന പൊലീസിന്‌റെ നടപടി പാര്‍ട്ടി സമ്മര്‍ദ്ദത്തിലാണെന്ന് വ്യക്തമായി. നവീന്‌റെ മരണത്തിലെ ഗൂഢാലോചന ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സഹോദരന്‍ നല്‍കിയ പരാതി ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമാത്രമല്ല, മൊഴിയെടുക്കാന്‍ പോലും തയ്യാറായിട്ടില്ല.
ദിവ്യയും ടി വി പ്രശാന്തും ഗൂഢാലോചന നടത്തിയെന്ന വാദം ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് ലാന്‍ഡ് റവന്യൂ ജോയിന്‌റ് കമ്മീഷണര്‍ നല്‍കിയിരിക്കുന്നത്. ഈ ഗൂഢാലോചനയെകുറിച്ച് വ്യക്തമായ സൂചന പാര്‍ട്ടിക്ക് അന്നേ ലഭിച്ചതാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത് . നവീന്‍ ബാബു കൈകൂലി വാങ്ങിയെന്ന ദിവ്യയുടെ ആരോപണം ആസൂത്രിതമാണ്. പെട്രോള്‍ പമ്പിന് നല്‍കിയ എന്‍ഒസിയില്‍ കൈക്കൂലി നല്‍കിയെന്ന പരാതി പോലീസിനോ, വിജിലന്‍സിനോ മുഖ്യമന്ത്രിക്കോ അപേക്ഷകനായ പ്രശാന്ത് നല്‍കിയിട്ടില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്‌റ് കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആകെക്കൂകുടി പരാതി നല്‍കിയത് ഇപ്പോള്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട എകെജി സെന്ററിലെ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയ്‌ക്ക് വാട്‌സാപ്പിലൂടെ നല്‍കിയതാണ്. ബിജു ആകട്ടെ പ്രശാന്തിന്റെ അച്ഛന്റെ അനുജന്റെ മകനുമാണ്