വടകരയില്‍ കഴിഞ്ഞ ദിവസം ഷാഫി പറമ്പില്‍ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമണം നടത്തിയ സമയത്ത് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം നടത്തി സിപിഎം പ്രവര്‍ത്തകര്‍. മുസ്‌ലിം ലീഗിന്റെ വാര്‍ഡ് ജനറല്‍ സെക്രട്ടറി വി.വി ഷഫീഖ് മൗലവിക്കെതിരെയാണ് പ്രചാരണം.
‘ഷാഫി ഇനി തീവ്രവാദി തടിയന്റവിട നസീറിനെയും കൂടെ കൊണ്ടുനടക്കും’ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ‘ഗോത്ര താലിബാന്‍ തീവ്രവാദി കോലത്തില്‍ നടക്കുന്ന ഭീകരവാദികളെ കൂടെ കൊണ്ടുനടന്ന് ഷാഫി ഹിന്ദുക്കളെ പേടിപ്പിക്കാന്‍ നോക്കുന്നു’ എന്ന് ‘സ്വതന്ത്ര ചിന്തകര്‍’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന മറ്റൊരു പോസ്റ്റ്.
വസ്ത്രം നോക്കിയാല്‍ ആളുകളെ തിരിച്ചറിയാം എന്ന് പൗരത്വ പ്രക്ഷോഭ കാലത്ത് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെയാണ് ഷഫീഖ് മൗലവിയെ തീവ്രവാദിയാക്കുന്ന സിപിഎം പ്രവര്‍ത്തകരുമെന്ന് യൂത്ത് ലീഗ് വടകര മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സീര്‍ പനോളി പറഞ്ഞു. ഖുര്‍ആന്‍ പണ്ഡിതനും അധ്യാപകനുമായി ഷഫീഖ് മൗലവി ആര്‍ജെഡി നേതാവ് മനയത്ത് ചന്ദ്രനും എന്‍സിപി നേതാവ് പി.എം സുരേഷ് ബാബുവും സിപിഎം നേതാവ് മോഹനന്‍ മാഷുടെ സഹോദരിയുടെ വീട് നില്‍ക്കുന്ന വാര്‍ഡിലെ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയാണ്. അദ്ദേഹത്തെയാണ് സൈബര്‍ സഖാക്കള്‍ താലിബാനിയാക്കുന്നതെന്നും അന്‍സീര്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇത് ഹാഫിള് വിവി ഷഫീഖ് മൗലവി, ഖുർആൻ പണ്ഡിതനും അദ്ധ്യാപകനും പള്ളിക്കുനി MLP സ്കൂൾ പിടിഎ പ്രസിഡന്റും സർവോപരി എന്റെ ബന്ധുവും RJD നേതാവ് മനയത്ത് ചന്ദ്രനും NCP നേതാവ് പി.എം സുരേഷ് ബാബുവിന്റെയും സിപിഎം നേതാവ് മോഹൻ മാഷുടെ പെങ്ങളുടെയും വീട് ഉൾപ്പെടുന്ന വാർഡിന്റെ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറിയുമാണ്. അയാളെയാണ് സൈബർ അന്തങ്ങൾ വർഗീയവാദിയും താലിബാനിയുമാക്കി മാറ്റിയത്. ഇതേ ഭാഷ ഇതിന് മുമ്പ് നമ്മൾ കേട്ടത് പൗരത്വ പ്രക്ഷോപ കാലത്ത് ധരിച്ച വസ്ത്രം നോക്കിയാൽ ആളുകളെ തിരിച്ചറിയാം എന്ന് പറഞ്ഞ ബിജെപി നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നാണ്. സിപിഎം ഉം ബിജെപിയും ലയിച്ചു ലയിച്ചു സിജെപി ആകുന്ന കാലത്താണ് നമ്മൾ ഉള്ളത് എന്നറിയാം, ഒരപേക്ഷയുണ്ട് എ.കെ.ജി സെന്ററിൽ നിന്ന് മരാർജി ഭവനിലേക്കുള്ള ദൃതിയിലുള്ള യാത്രയിൽ റോഡിലെ കുണ്ടിൽ വീഴാതെ നോക്കണം.അഥവാ വീണിട്ട് ആശുപത്രിയിൽ എത്തിയാൽ അവിടെത്തെ ചുമർ തകർന്ന് വീണ് മരിക്കാനാവും നിങ്ങളെ വിധി എന്നോർമ്മപ്പെടുത്തുന്നു.