പനാജി
ഇന്ത്യയുടെ 55––ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഗോവയിൽ വ്യാഴാഴ്ച സമാപിക്കും. മേളയിൽ 86 രാജ്യങ്ങളിലെ 292 ചിത്രം പ്രദർശിപ്പിച്ചു. ഏറ്റവും കൂടുതൽ ഫ്രാൻസിൽനിന്ന്, 47 ചിത്രങ്ങൾ. ജർമനിയിൽനിന്ന് 21 ചിത്രങ്ങളെത്തി. ലാറ്റിനമേരിക്കയിൽനിന്ന് ഏഴു ചിത്രം മാത്രം. 21 ഇന്ത്യൻ ചിത്രങ്ങളിൽ പലതും സംഘപരിവാർ ആശയമടങ്ങിയവയായിരുന്നു. ആകെ 9100 പ്രതിനിധികളിൽ ഗോവ, കേരളം എന്നിവിടങ്ങളിൽനിന്നാണ് പകുതിയിലധികം പേരും. ഗോവയിൽനിന്ന് വന്നതിൽ കൂടുതലും മലയാളികൾ. മൊത്തം സ്ത്രീകൾ 2366 പേർ.
സ്വദേശിവൽക്കരണമെന്നപേരിൽ മുഖ്യവേദിയായ ഇനോക്സിൽനിന്നും ഒരു മണിക്കൂറിലധികം യാത്രാദൂരമുള്ള മഡ്ഗാവിലും പോണ്ടയിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചത് പ്രതിനിധികളെ വലച്ചു. ബസ് ഏർപ്പെടുത്തിയിരുന്നെങ്കിലും അത് വല്ലപ്പോഴും മാത്രമായിരുന്നു. പത്തു കിലോമീറ്റർ അകലെയുള്ള പർവോറിമിലെ തിയറ്റർ പരിസരം റോഡുപണി കാരണം പൊടിയിൽ മുങ്ങി. നല്ല പല ചിത്രങ്ങളും ദൂരേക്ക് മാറ്റി കാളിയമർദനം പോലുള്ള ആദ്യകാല നിശ്ശബ്ദചിത്രങ്ങൾ പ്രദർശിപ്പിക്കാൻ മുഖ്യവേദിയായ ഇനോക്സ് തെരഞ്ഞെടുത്തത് പ്രതിനിധികളിൽ അമർഷമുണ്ടാക്കി.
ബ്ലെസ്സിയുടെ ‘ആടുജീവിത’ത്തിന് ബുധനാഴ്ച വൻ വരവേൽപ്പാണ് ലഭിച്ചത്. ബ്ലെസ്സിയെ ആദരിച്ചു. നവാഗത സംവിധായക വിഭാഗത്തിൽ രാഗേഷ് നാരായണന്റെ മലയാള ചിത്രം ‘തണുപ്പ്’ പ്രദർശിപ്പിച്ചു. എമിർ കപെറ്റനോവിച്ചിന്റെ ബോസ്‌നിയ – ഹെർസഗോവിന ചിത്രം ‘വെൻ സാന്താക്ലോസ് വാസ് എ കമ്യൂണിസ്റ്റ്’, ലിത്വാനിയയിൽനിന്നുള്ള ‘ടോക്‌സിക്’, തൊഴിലില്ലായ്‌മ എങ്ങനെ ഭീകരവാദത്തിന് കാരണമാകുന്നുവെന്നന്വേഷിക്കുന്ന ഫ്രഞ്ച് ചിത്രം ‘ദ ക്വയറ്റ് സൺ’ എന്നിവ മികച്ച അനുഭവമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ