• Fri. Nov 7th, 2025

24×7 Live News

Apdin News

ഗോവയില്‍ ചെസ് ലോകകപ്പില്‍ ലോകമുന്‍നിരതാരങ്ങള്‍ വീഴുന്നു; എട്ടാം നമ്പര്‍ താരം വെസ്ലിസോ, 19ാം റാങ്കായ നെപോമ്നെഷി, 20റാങ്ക് നീമാന്‍ എന്നിവര്‍ പുറത്ത്.

Byadmin

Nov 7, 2025



ഗോവ: ഗോവയിലെ ഫിഡെ ചെസ് ലോകകപ്പ് 2025ല്‍ ലോകറാങ്കിങ്ങില്‍ മുന്‍നിരയിലുള്ളതാരങ്ങള്‍ വീഴുകയാണ്. യുഎസില്‍ നിന്നുള്ള ലോക എട്ടാം നമ്പര്‍ താരമായ വെസ്ലി സോ, യുഎസില്‍ നിന്നുള്ള ലോക 20ാം നമ്പര്‍ താരം ഹാന്‍സ് നീമാന്‍, റഷ്യയുടെ ഒന്നാം നമ്പര്‍ താരവും ലോക 19ാം റാങ്കുകാരനുമായ ഇയാന്‍ നെപോമ്നെഷി എന്നിവരാണ് തോറ്റ് പുറത്തായത്. തങ്ങളേക്കാള്‍ റാങ്കിങ്ങിലും റേറ്റിംഗിലും ഏറെ പിറകില്‍ നില്‍ക്കുന്ന താരങ്ങളോടാണ്  ഈ മുന്‍നിര ലോകതാരങ്ങള്‍ തോറ്റത് എന്നത് ഗോവയില്‍ ഒന്നും പ്രവചിക്കാനാവില്ല എന്ന സ്ഥിതിവിശേഷമാണ് ചൂണ്ടിക്കാട്ടുന്നത്. 206 പേര്‍ മത്സരിക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ ഒരു മത്സരത്തില്‍ തോറ്റാല്‍ അതോടെ പുറത്താവും. വിജയിക്കുന്നവര്‍ക്ക് അടുത്ത റൗണ്ടിലേക്ക് മത്സരിക്കാം.

ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ ലോക 20ാം നമ്പര്‍ താരം ഹാന്‍സ് നീമാന്‍ വിജയിക്കുമെന്ന് ഉറപ്പായിരുന്നു. കാരണം അദ്ദേഹത്തേക്കാള്‍ റാങ്കും റേറ്റിംഗും ഏറെ കുറവുള്ള ഇറ്റലിയുടെ ലോറന്‍സോ ലോഡിചിയായിരുന്നു രണ്ടാം റൗണ്ടില്‍ എതിരാളി.

പക്ഷെ ഇറ്റലിയുടെ ലോറന്‍സോ ലോഡിചി യുഎസ് താരം ഹാന്‍സ് നീമാന്റെ ലോകകപ്പ് മോഹങ്ങള്‍ തകര്‍ത്തു. ഗോവയില്‍ നടക്കുന്ന ചെസ് ലോകകപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒന്ന് നേടിയാല്‍ 2026ലെ ലോക ചെസ് ചാമ്പ്യനെ നേരിടാനുള്ള കളിക്കാരനെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ്‍ ചെസ് ടൂര്‍ണ്ണമെന്‍റില്‍കളിക്കാന്‍ യോഗ്യത നേടാമായിരുന്നു. പക്ഷെ രണ്ടാം റൗണ്ടിലെ തോല്‍വിയോടെ ഹാന്‍സ് നീമാന്റെ ഈ സ്വപ്നം തകര്‍ന്നു.

രണ്ട് ക്ലാസിക്കല്‍ ഗെയിമുകള്‍ സമനിലയില്‍ പിരിഞ്ഞതോടെ വിജയിയെ തീരുമാനിക്കാന്‍ നടത്തിയ രണ്ട് 15 മിനിറ്റ് റാപ്പിഡില്‍ ഇറ്റലിയുടെ ലോറന്‍സോ ലോഡിചി യുഎസിന്റെ ഹാന്‍സ് നീമാനെതിരെ വിജയം നേടുകയായിരുന്നു.

റഷ്യയുടെ ഒന്നാം നമ്പര്‍ താരവും ലോക 19ാം നമ്പര്‍ താരവുമായ ഇയാന്‍ നെപോംനെഷിയെ തറപറ്റിച്ചത് ഇന്ത്യന്‍ താരമായ ദീപ്തയാന്‍ ഘോഷാണ്. രണ്ട് ക്ലാസിക്കല്‍ ഗെയിമുകളുടെ ആദ്യ റൗണ്ടില്‍ തന്നെ ദീപ്തയാന്‍ ഘോഷ് ഇയാന്‍ നെപോമ്നെഷിയെ കെട്ടുകെട്ടിച്ചു എന്നതാണ് അത്ഭുതപ്പെടുത്തിയത്. ആദ്യ കളിയില്‍ സമനിലയില്‍ പിരഞ്ഞെങ്കിലും രണ്ടാമത്തെ ക്ലാസിക് ഗെയിമില്‍ ദീപ്തയാന്‍ നെപോമ്നെഷിയെ തറപറ്റിക്കുകയായിരുന്നു. ലോക 19ാം നമ്പര്‍ താരമായ ഇയാന്‍ നെപോംനെഷി ലോക ചാമ്പ്യനെ നേരിടാനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടാനായാണ് ഗോവയില്‍ നടക്കുന്ന ഫിഡെ ചെസ് വേള്‍ഡ് കപ്പില്‍ മത്സരിക്കാനെത്തിയത്..

ടീറ്റസ് സ്ട്രെമവിഷസ് ആണ് യുഎസ് താരം വെസ്ലി സോയെ അട്ടിമറിച്ചത്. മിഡില്‍ ഗെയിമിലെ പിഴവുകളാണ് വെസ്ലി സോയ്‌ക്ക് വിലങ്ങുതടിയായത്. സമനിലയെന്ന് തോന്നിച്ച ഗെയിമാണ് കൈവിട്ടുപോയത്. അതും 58ാം നീക്കത്തില്‍ കാലാളിനെ എച്ച് 3 കളത്തിലേക്ക് നീക്കിയതാണ് അബദ്ധമായത്. ലിത്വാനിയയുടെ ചാമ്പ്യനായ ടീറ്റസ് സ്ട്രെമവിഷസ് 71ാംനീക്കത്തിലാണ് വിജയിച്ചത്. 2702 റേറ്റിംഗ് ഉള്ള വെസ്ലി സോ ആണ് 2504 റേറ്റിംഗ് മാത്രമുള്ള ടീറ്റസിനോട് തോറ്റത്.

അതേ സമയം ഇന്ത്യയുടെ മുന്‍നിര താരങ്ങളായ ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, വിദിത് ഗുജറാത്തി എന്നിവര്‍ മൂന്നാം റൗണ്ടിലേക്ക് കയറി. ലോക മുന്‍നിര താരങ്ങളായ ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മര്‍, ഡച്ച് താരം അനീഷ് ഗിരി, ചൈനയുടെ വെയ് യി എന്നിവരും മൂന്നാം റൗണ്ടിലേക്ക് വിജയിച്ച് കയറി. ഇന്ത്യയുടെ ഹതഭാഗ്യരായ രണ്ട് മുന്‍നിരതാരങ്ങള്‍ പുറത്തായി. നിഹാല്‍ സരിനും അരവിന്ദ് ചിതംബരവുമായിരുന്നു പുറത്തായത്.

 

By admin