
പനാജി: ലോക സിനിമയുടെ സ്പന്ദനം അനുഭവിച്ചറിയാന്‍ ഗോവയിലേക്ക് ഒഴുകിയെത്തിയ സിനിമ പ്രേമികള്‍ക്ക് കാഴ്ചയുടെ വസന്തം തീര്‍ക്കുകയാണ് 56 മത് ഗോവ അന്താരാഷ്ട ചലച്ചിത്രോത്സവം. ഇന്ത്യന്‍ പനോരമയില്‍ ഫീച്ചര്‍ വിഭാഗത്തില്‍ മത്സരിക്കുന്ന അമരന്‍, നോണ്‍ ഫീച്ചര്‍ ചിത്രം കകോരി എന്നിവ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു. മത്സര ചിത്രങ്ങളുടെ ഉദ്ഘാടന വേളയില്‍ നടനും രാജ്യസഭ അംഗവും ആയ കമല്‍ഹാസന്റെ സാന്നിധ്യം ശ്രദ്ധേയമായി. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ സഹോദരങ്ങള്‍ക്കുള്ള ആദരം ആണ് അമരന്‍ എന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ കമല്‍ഹാസന്‍ പറഞ്ഞു.
ഇന്ത്യന്‍ പനോരമ ഫീച്ചര്‍ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രമായി മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന അമരന്‍ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ രാജ്കുമാര്‍ പെരിയ സ്വാമി പറഞ്ഞു.
താരങ്ങളായ ശിവ കാര്‍ത്തികേയന്‍, സായി പല്ലവി, മറ്റ് അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. ത്യാഗം ആണ് ഏറ്റവും വലിയ ഹീറോയിസം എന്ന് ശിവ കാര്‍ത്തികേയനും രാജ്യത്തിനാം ചെയ്യുന്നവരെ കാത്തിരിക്കുന്നവരുടെ കൂടി കഥയാണ് അമരന്‍ എന്ന് സായ് പല്ലവിയും അഭിപ്രായപ്പെട്ടു.
ഭാരതത്തിന്റെ സ്വാതന്ത്രത്തിനായി പോരാടിയ, വന്ദേ മാതരം എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് തൂക്കുമരത്തില്‍ ഏറിയ യുവ വിപ്ലവകാരികളുടെ കഥ പറഞ്ഞ കകോരി നിറഞ്ഞ കൈയടിയോടെ ആണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കമലേഷ് കെ. മിശ്ര സംവിധാനം ചെയ്ത നോണ്‍ ഫീച്ചര്‍ ചിത്രമാണിത്.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, നടന്‍ അനുപം ഖേര്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.