
ന്യൂദല്‍ഹി: നോര്‍ത്ത് ഗോവയിലെ ആര്‍പോറ ഗ്രാമത്തില്‍ തീപിടത്തത്തില്‍ 25 പേരുടെ മരണത്തിന് കാരണമായ നിശാക്ലബ്ബിന്റെ സഹ ഉടമകളായ ഗൗരവ്, സൗരഭ് ലൂത്ര സഹോദരങ്ങള്‍ തായ്ലന്‍ഡില്‍ കസ്റ്റഡിയില്‍. കേസിലെ പ്രധാന പ്രതികളായ ഇവരെ നിയമനടപടികള്‍ക്കായി എത്രയും പെട്ടെന്ന് ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. തായ്ലന്‍ഡിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും. കസ്റ്റഡിയിലെടുത്ത വാര്‍ത്ത വന്നതിന് പിന്നാലെ പാസ്പോര്‍ട്ടുകളും കൈയാമവും പിടിച്ച നിലയിലുള്ള ലൂത്ര സഹോദരങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ഇതിനിടെ, അറസ്റ്റ് ഉടന്‍ ഒഴിവാക്കാനായി ലൂത്ര സഹോദരങ്ങള്‍ സമര്‍പ്പിച്ച നാലാമത്തെ ജാമ്യ ഹര്‍ജിയു ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വന്ദന തള്ളി. സംഭവം നടന്ന ഉടന്‍ ഇവര്‍ ഒളിവില്‍ പോവുകയും നിയമനടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ഗോവ സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിശാക്ലബ്ബിലെ നിശബ്ദ പങ്കാളിയും നിക്ഷേപകനുമാണെന്ന് അവകാശപ്പെടുന്ന അജയ് ഗുപ്തയെ ഗോവ കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
തീപിടിത്തം ഉണ്ടായതിന് തൊട്ടുപിന്നാലെ പുലര്‍ച്ചെ 1:17-ന് തന്നെ ലൂത്ര സഹോദരങ്ങള്‍ ട്രാവല്‍ പോര്‍ട്ടല്‍ വഴി തായ് ലാന്‍റിലെ ഫുകേറ്റിലേക്കുള്ള വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് രാജ്യം വിടുകയായിരുന്നു.
ഇവര്‍ക്കെതിരെ സി.ബി.ഐ. വഴി ഗോവ പോലീസ് നല്‍കിയ അപേക്ഷ പ്രകാരം ഇന്‍ററര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഡിസംബര്‍ 9ന് പുറപ്പെടുവിച്ചിരുന്നു. തീ പിടിത്തം തടയാനുള്ള സുരക്ഷാ ഉപകരണങ്ങളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒരുക്കാതെ ഫയര്‍ ഷോ സംഘടിപ്പിച്ചതാണ് അപകടത്തിന് കാരണമായത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കാര്‍ഷിക ഭൂമിയില്‍ നിര്‍മ്മിച്ചതിനെ തുടര്‍ന്ന് വാഗറ്റോറിലെ ‘ഗോയ ദി നൈറ്റ് ക്ലബ്ബ്’ അധികൃതര്‍ സീല്‍ ചെയ്തു. നിശാക്ലബ്ബുകള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് സ്ഥാപനങ്ങളില്‍ പടക്കങ്ങള്‍, സ്പാര്‍ക്ലറുകള്‍, ഫ്‌ളേം ത്രോവര്‍ ഉപകരണങ്ങള്‍, പുക ജനറേറ്ററുകള്‍ എന്നിവയുടെ ഉപയോഗവും സര്‍ക്കാര്‍ നിരോധിച്ചു.