• Thu. Nov 27th, 2025

24×7 Live News

Apdin News

ഗോവ ലോകചെസ്സില്‍ 1,2,3 സീഡുകാരായ ഇന്ത്യയുടെ ഗുകേഷും എരിഗെയ്സിയും പ്രജ്ഞാനന്ദയും തോറ്റിടത്ത് 19ാം സീഡുള്ള സിന്‍ഡൊറോവിന് കിരീടം

Byadmin

Nov 27, 2025



ഗോവ: ഗോവയില്‍ നടന്ന ഫിഡെ ലോക ചെസ്സില്‍ ഒന്നും രണ്ടും മൂന്നൂം സീഡുകാരായിരുന്ന ഇന്ത്യയുടെ ഗുകേഷും അര്‍ജുന്‍എരിഗെയ്സിയും പ്രജ്ഞാനന്ദയും തോറ്റുപുറത്തായിടത്ത് വെറും 19ാം സീഡ് മാത്രമായിരുന്ന ഉസ് ബെകിസ്ഥാന്റെ ജൊവോഖിര്‍ സിന്‍ഡൊറോവ് കിരീടം ചൂടി. വെറും 19 വയസ്സ് മാത്രം പ്രായമായ സിന്‍ഡൊറോവ് ലോകത്തില്‍ വെച്ച് ഫിഡെ ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളില്‍ ഒരാളായി.

കൗമാരപ്രായക്കാര്‍ ചെസ്സിനെ കീഴടക്കുന്നു എന്നതാണ് പുതിയ പ്രവണത ഗോവയിലും ആവര്‍ത്തിച്ചു. നേരത്തെ ചെസ്സിലെ പുരുഷവിഭാഗം ലോകകിരീടം നേടിയ ഇന്ത്യയുടെ ഗുകേഷിന് 19 വയസ്സ് മാത്രമായിരുന്നു പ്രായം. ഫിഡെ വനിതാലോകചെസ് കിരീടം നേടിയ ഇന്ത്യയുടെ ദിവ്യ ദേശ് മുഖ് വെറും 18കാരിയാണ്.

ഗോവ ഫിഡെ ലോകചെസ്സില്‍ വെറും 19ാമത്തെ സീഡുകാരന്‍ മാത്രമായിരുന്നു ജൊവോഖിര്‍ സിന്‍ഡൊറോവ്. ഫൈനലില്‍ ചൈനയുടെ വെയ് യിയെയാണ് ജൊവോഖിര്‍ സിിന്‍ഡൊറോവ് തോല്‍പിച്ചത്.

ഈ വിജയത്തോടെ 19 കാരനായ സിന്‍ഡൊറോവും പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സെമിയില്‍ സ്വന്തം നാട്ടുകാരനായ നോഡിര്‍ബെക് യാക്കൂബോവിനെയാണ് സിന്‍ഡൊറോവ് തോല്‍പിച്ചാണ് ഫൈനലിലേക്ക് കടന്നത്. വെയ് യി 23കാരനായ റഷ്യന്‍ താരം ആന്‍ഡ്രി എസിപെങ്കോയെ തോല്‍പിച്ചാണ് ഫൈനലിലെത്തിയത്. .

ഫൈനലില്‍ ആദ്യ ക്ലാസിക് ഗെയിമില്‍ പെട്രോഫ് ഡിഫന്‍സ് എന്ന ഓപ്പണിംഗാണ് വെയ് യി പരീക്ഷിച്ചത്. കളിയില്‍ ഉടനീളം വെയ് യിക്കായിരുന്നു മുന്‍തൂക്കം. പക്ഷെ കൃത്യതയോടെ കരുക്കള്‍ നീക്കിയ സിന്‍‍ഡൊറോവ് സമനില പിടിക്കുകയായിരുന്നു.

പിന്നീട് വിജയിയെ കണ്ടെത്താന്‍ നടന്ന സ്പീഡ് ഗെയിമില്‍ വെയ് യിയെ ജൊവോഖിര്‍ സിന്‍ഡൊറോവ് തറപറ്റിച്ചു. 1.2 ലക്ഷം ഡോളര്‍ സമ്മാനത്തുക (1.07 കോടി രൂപ) സിന്‍‍ഡൊറോവിന് ലഭിക്കും. വിശ്വനാഥന്‍ ആനന്ദിന്റെ പേരിലുള്ള കിരീടമാണ് ജൊവോഖിര്‍ സിന്‍ഡൊറോവിന് ലഭിക്കുക. ഈ വിജയത്തോടെ 2026ല്‍ നടക്കുന്ന ലോക ചെസ് കിരീട ജേതാവായ ഗുകേഷിനെ വെല്ലുവിളിക്കാനുള്ള കളിക്കാരെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിലേക്ക് ജൊവോഖിര്‍ സിന്‍ഡൊറോവിന് പ്രവേശനം ലഭിച്ചു. രണ്ടാം സ്ഥാനക്കാരനായ വെയ് യിയും മൂന്നാം സ്ഥാനത്തെത്തിയ റഷ്യന്‍ താരം ആന്‍ഡ്രി എസിപെങ്കോയും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ യോദ്യത നേടി. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ആന്‍ഡ്രി എസിപെങ്കോ ഉസ് ബെക് താരം നോഡിര്‍ബെക് യാക്കുബോവിനെ ക്ലാസിക്കല്‍ ഗെയിമില്‍ ഏകപക്ഷീയമായി 2-0ന് തോല്‍പിച്ചു.

206 പേര്‍ ഈ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുത്തിരുന്നു. ലോകത്തിലെ മുന്‍നിരറാങ്കുകാരെല്ലാം തോറ്റ് പുറത്തായി എന്നതാണ് ഗോവ ടൂര്‍ണ്ണമെന്‍റിന്റെ ഒരു സവിശേഷത. ലോക ചാമ്പ്യന്‍ ഗൂകേഷും ലോക അഞ്ചാം നമ്പര്‍ താരം അനീഷ് ഗിരിയും എട്ടാം നമ്പര്‍ താരം വെസ്ലി സോയും 19ാം റാങ്കുകാരന്‍ ഇയാന്‍ നെപോമ്നെഷിയും 20ാം റാങ്കുകാരന്‍ ഹാന്‍സ് നീമാനും തോറ്റുപുറത്തുപോയിരുന്നു. ലോക ആറാം നമ്പര്‍ താരമായ അര്‍ജുന്‍ എരിഗെയ്സിയും ലോക ഏഴാം നമ്പര്‍ താരമായ ഇന്ത്യയുടെ പ്രജ്ഞാനന്ദയും തോറ്റു. ഈ ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായ ഉസ്ബെക് താരം ജൊവോഖിര്‍ സിന്‍ഡൊറോവിന്റെ ലോക റാങ്ക് 25 മാത്രമാണ്. ഇയാളുടെ റേറ്റിംഗ് 2721 മാത്രം. രണ്ടാം സ്ഥാനക്കാരനായ ചൈനയുടെ വെയ് യിയുടെ ലോക റാങ്ക് 11 ആണ്. ഇയാളുടെ റേറ്റിംഗ് 2752 ആണ്.മൂന്നാം സ്ഥാനം നേടിയ ആന്‍ഡ്രി എസിപെങ്കോ വെറും 34 റാങ്കുകാരന്‍ മാത്രമാണ്. റേറ്റിംഗ് 2681ഉം.

 

By admin