ഗോ സംരക്ഷകരുടെ ആക്രമണത്തിനു പിന്നാലെ രാജ്യം വിട്ട മുംബൈ സ്വദേശിയ്ക്ക് അഭയം നല്‍കി അയര്‍ലന്‍ഡ്. മുംബൈ സ്വദേശിയായ വ്യാപാരിയുടെ അഭയാര്‍ത്ഥി അപേക്ഷം അയര്‍ലന്‍ഡ് അംഗീകരിച്ചു. 2017ല്‍ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യം വിട്ട വ്യാപാരിക്കാണ് അയര്‍ലന്‍ഡ് അഭയം നല്‍കിയത്. 2017ല്‍ വ്യാപാരി നാടുവിട്ടതിനെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ അഭയം തേടുകയായിരുന്നു 50കാരന്‍.
മാംസവുമായി പോകുന്നതിനിടെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നീട് വ്യാപാരിയുടെ കട ആക്രമിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പൊലീസിനെ സമീപിച്ചെങ്കിലും കച്ചവടം നിര്‍ത്താനായിരുന്നു പോലീസ് നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ വീടിനു നേരെയും ആക്രമണം ഉണ്ടാവുമെന്ന് കണ്ടതോടെ കുടുംബവുമായി ഇയാള്‍ നാടുവിടുകയായിരുന്നു.
വ്യാപാരിയും മകനും ട്രക്കില്‍ മാംസം കൊണ്ടുപോകുമ്പോഴായിരുന്നു ആദ്യ ആക്രമണം. ഗോ സംരക്ഷകര്‍ അവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടും, പോലീസ് തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് അദേഹം പറയുന്നു.
2017 ജൂണ്‍ 28 ന്, ആളുകള്‍ അദേഹത്തിന്റെ കടയും ജീവനക്കാരനെയും ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ വ്യാപാരം നിര്‍ത്തിവെച്ചു. എന്നാല്‍ തന്നെ കൊല്ലാന്‍ പദ്ധതിയുണ്ടെന്ന് ഭയന്ന് മുംബൈ സ്വദേശി രാജ്യം വിടുകയായിരുന്നു.
2017 ഓഗസ്റ്റില്‍ മുംബൈയില്‍ നിന്ന് നാടുവിട്ട് യുകെ വഴി 2017 ഓഗസ്റ്റ് 20 ന് ഡബ്ലിനില്‍ എത്തുകയായിരുന്നു. ഏഴ് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് അഭായര്‍ത്ഥി അപേക്ഷ അംഗീകരിച്ചത്.
അഭയാര്‍ത്ഥി അപേക്ഷയെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം തന്റെ ഇന്ത്യന്‍ പൗരത്വത്തിന്റെ തെളിവ്, എഫ്ഐആറിന്റെ പകര്‍പ്പ്, തന്റെ ബിസിനസിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആക്രമണത്തില്‍ തനിക്ക് സംഭവിച്ച പരിക്കുകളുടെ ഫോട്ടോകള്‍ എന്നിവ സമര്‍പ്പിച്ചു.