• Tue. Sep 23rd, 2025

24×7 Live News

Apdin News

ഗ്ലോബൽ ഫുഡ് റെഗുലേറ്റേഴ്‌സ് ഉച്ചകോടി- 2025; ലോഗോയും ബ്രോഷറും പ്രകാശനം ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ

Byadmin

Sep 23, 2025



ന്യൂദൽഹി: ഗ്ലോബൽ ഫുഡ് റെഗുലേറ്റേഴ്‌സ് ഉച്ചകോടി 2025 ന്റെ ലോഗോയും ബ്രോഷറുകളും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ ഇന്ന് നിർമാൺ ഭവനിൽ പുറത്തിറക്കി. സെപ്റ്റംബർ 26, 27 തീയതികളിൽ ന്യൂദൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.

ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം (എംഒഎഫ്പിഐ) സംഘടിപ്പിക്കുന്ന ‘വേൾഡ് ഫുഡ് ഇന്ത്യ 2025 പരിപാടിക്കൊപ്പമാണ് ഈ പരിപാടിയും നടക്കുക “വികസിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യ സംവിധാനങ്ങൾ- യഥാ അന്നം തഥാ മനഃ” എന്ന ജിഎഫ്ആർഎസിന്റെ ഈ വർഷത്തെ പ്രമേയം. ഭക്ഷണത്തിന്റെ ഗുണനിലവാരവും മനസ്സിന്റെയും സമൂഹത്തിന്റെയും ആരോഗ്യവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ മനോഹരമായി പ്രതിഫലിപ്പിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. “ഭക്ഷണം കേവലം പോഷകാഹാരമല്ല, ശാരീരിക ക്ഷേമം, മാനസികാരോഗ്യം, വൈകാരിക സന്തുലിതാവസ്ഥ, സാമൂഹിക ഐക്യം എന്നിവയെ രൂപപ്പെടുത്തുന്ന ഒരു ശക്തിയാണിത്,” അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ മുന്നോട്ട് നയിക്കുന്നതിലും ഈ നിർണായക മേഖലയിൽ ആഗോള പുരോഗതിക്ക് ഗണ്യമായ സംഭാവന നൽകുന്നതിലും എഫ്എസ്എസ്എഐയുടെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും നിർണായക പങ്ക് നദ്ദ എടുത്തുപറഞ്ഞു.

“ആഗോള നിയന്ത്രണ ഏജൻസികൾക്ക് കാഴ്ചപ്പാടുകൾ പങ്കിടുന്നതിനും, മാനദണ്ഡങ്ങൾ സമന്വയിപ്പിക്കുന്നതിനും, അപകടസാധ്യത വിലയിരുത്തൽ ശേഷി ശക്തിപ്പെടുത്തുന്നതിനും, ഭക്ഷ്യ സുരക്ഷയിൽ സാങ്കേതിക പുരോഗതിയുടെ പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യുന്നതിനും ഈ ഉച്ചകോടി ഒരു സവിശേഷ വേദി നൽകും. ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുകയും എല്ലാവർക്കും പ്രയോജനപ്പെടുന്ന വിധത്തിൽ ന്യായമായ വ്യാപാരം,നൂതനാശയങ്ങൾ, സുസ്ഥിര ഭക്ഷ്യ സംവിധാനങ്ങൾ എന്നിവ വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.” – നദ്ദ പറഞ്ഞു.

ഇന്ത്യയുടെ വൈവിധ്യമാർന്ന പാചകരീതികളുടെ പൈതൃകത്തെയും സമീകൃതാഹാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായിയുള്ള എഫ്‌എസ്‌എസ്‌എ‌ഐയുടെ ഒരു പ്രധാന സംരംഭമായ ‘ഈറ്റ് റൈറ്റ് ഥാലി’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഉച്ചകോടിയിൽ നടക്കും. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പരമ്പരാഗത ഭക്ഷ്യ വിഭവങ്ങൾ ഈ പുസ്തകത്തിൽ പ്രദർശിപ്പിക്കും. ഓരോ ഥാലിയും പ്രാദേശിക ചേരുവകൾ, പാചക രീതികൾ,ഭക്ഷണത്തെക്കുറിച്ചുള്ള വിവേകപൂർണമായ അറിവ് എന്നിവ പ്രതിഫലിപ്പിക്കുകയും സന്തുലിത പോഷണവും വൈവിധ്യവും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവുമായി പൊരുത്തപ്പെടുന്ന വിധത്തിൽ, അമിതവണ്ണത്തിനും ജീവിതശൈലി രോഗങ്ങൾക്കും എതിരായ ഒരു മാർഗമായി പരമ്പരാഗത ഭക്ഷണക്രമങ്ങളെ ഇത് എടുത്തുകാണിക്കുന്നു. ഈ പുസ്തകം ഒരു സാംസ്കാരിക ആദരവും തദ്ദേശീയ ഭക്ഷണങ്ങളുടെ വിവേകപൂർണമായ തെരഞ്ഞെടുപ്പിലൂടെ രോഗ പ്രതിരോധത്തിലേക്കുള്ള വഴികാട്ടിയുമാണ്.

ഗ്ലോബൽ ഫുഡ് റെഗുലേറ്റേഴ്‌സ് ഉച്ചകോടി 2025-ൽ അന്താരാഷ്‌ട്ര സംഘടനകളുടെയും ശാസ്ത്രജ്ഞരുടെയും മുഖ്യപ്രഭാഷണങ്ങൾ, ഭക്ഷ്യ നിയന്ത്രണചട്ട മേഖലയിലെ ഉദ്യോഗസ്ഥരുമായുള്ള സാങ്കേതിക, പ്ലീനറി സെഷനുകൾ, ദേശീയ, അന്തർദേശീയ പങ്കാളികളുമായുള്ള സംവേദനാത്മക സെഷനുകൾ, നിലവിലുള്ളതും ഉയർന്നുവരുന്നതുമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഉഭയകക്ഷി യോഗങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉണ്ടായിരിക്കും. വിജ്ഞാനവിനിമയത്തിനും ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള സമീപനങ്ങളുടെ വികസനത്തിനും ഉച്ചകോടി അവസരങ്ങൾ നൽകും. പരസ്പര ബന്ധിതമായ എട്ട് പ്ലീനറി സെഷനുകളെ അടിസ്ഥാനമാക്കിയാണ് ഉച്ചകോടി ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ ഭക്ഷ്യ സുരക്ഷാ നിയന്ത്രണത്തിന്റെ ഭാവി കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്ന ഉന്നത തലത്തിലുള്ള സമാന്തര കോൺക്ലേവുകളും ഇതിൽ ഉൾപ്പെടുന്നു.

By admin