തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചട്ടപ്പടി സമരം തുടങ്ങാന്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍(കെ.ജി.എം.സി.ടി.എ) തീരുമാനിച്ചു. നിസ്സഹകരണ സമരം തുടരും. ഇതിന്റെ ഭാഗമായി ഈ മാസം 14ന് നടക്കുന്ന ഹെല്‍ത്ത് സമ്മിറ്റ് ബഹിഷ്‌കരിക്കും.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, നിലവിലുള്ള അധ്യാപകരെ കൂട്ടത്തോടെ പുതിയ മെഡിക്കല്‍ കോളജുകളിലേക്ക് സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കുക, ദീര്‍ഘകാലമായി കുടിശികയായ ശമ്പളവും ഡിഎയും വിതരണം ചെയ്യുക, ആശുപത്രി സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടനയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 22ന് ‘കരിദിനം’ ആചരിക്കുകയും 23ന് സംസ്ഥാന വ്യാപക ധര്‍ണ നടത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷവും സര്‍ക്കാര്‍ യാതൊരുനടപടിയും സ്വീകരിക്കാതിരുന്നതിനാല്‍ സെപ്തംബര്‍ 29ന് ഭാഗികമായി അധ്യാപനം നിര്‍ത്തിയിരുന്നു.
സംഘടനയുടെ പ്രതിഷേധം ആരംഭിച്ചതിനു ശേഷമുള്ള രണ്ടു മന്ത്രിസഭാ യോഗങ്ങളിലും ഈ വിഷയങ്ങളില്‍ ഒരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ചട്ടപ്പടി സമരത്തിനിറങ്ങുന്നതെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്‌നാര ബീഗം ജനറല്‍ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവര്‍ പറഞ്ഞു.
പ്രതിഷേധ പരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഒരു ആഴ്ച്ച വിദ്യാര്‍ഥികളുടെ തിയറി ക്ലാസ്സ് ബഹിഷ്‌കരിക്കും. ഒക്ടോബര്‍ 20 മുതല്‍ ഒ.പി പൂര്‍ണ്ണമായി റിലേ അടിസ്ഥാനത്തില്‍ ബഹിഷ്‌കരിക്കും. ഈ ദിവസങ്ങളില്‍ ക്ലാസുകളും ബഹിഷ്‌കരിക്കും. എല്ലാ ഔദ്യോഗിക യോഗങ്ങളും ബഹിഷ്‌കരിക്കുവാനും സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഭാവിയില്‍ അദ്ധ്യാപനവും ചികില്‍സയും പൂര്‍ണ്ണമായി ബഹിഷ്‌കരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.