
ചണ്ഡീഗഢ്: പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡീഗഢിലെ മുനിസിപ്പല്‍ കോര്‍പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് ഉജ്ജ്വല വിജയം. മേയര്‍ മത്സരത്തില്‍ ആം ആദ്മിയെയും കോണ്‍ഗ്രസിനെയും തോല്‍പിച്ചാണ് ബിജെപി മേയര്‍ പദവി പിടിച്ചെടുത്തത്.
ബിജെപിയുടെ സൗരവ് ജോഷിയാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. സൗരവ് ജോഷിക്ക് 18 വോട്ടുകള്‍ കിട്ടി. ആം ആദ്മി 11 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ഏഴ് വോട്ടുകള്‍ മാത്രം. കഴിഞ്ഞ വര്‍ഷം ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസും ആം ആദ്മിയും ഒന്നിച്ചാണ് മത്സരിച്ചിരുന്നതെങ്കില്‍ ഇക്കുറി ഇവര്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്കാണ് മത്സരിച്ചത്.
കോണ്‍ഗ്രസിന്റെ ഗുര്‍പ്രീത് സിങ്ങ് ഗബ്ബിയ്‌ക്ക് ആറ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെയും ചണ്ഡീഗഢ് എംപിയുടെയും വോട്ട് കിട്ടി. 1996ന് ശേഷം ഇതാദ്യമായി പരസ്യമായി കൈ ഉയര്‍ത്തിയാണ് മേയര്‍ സ്ഥാനാര്‍ത്ഥിക്ക് അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചത്. വോട്ടെടുപ്പില്‍ കൂടുതല്‍ സുതാര്യത നിലനിര്‍ത്താനായിരുന്നു ഈ നീക്കം. 2024ല്‍ ഇവിടെ മേയര്‍ തെരഞ്ഞെടുപ്പ് നടന്നെങ്കിലും അതില്‍ വന്‍തോതില്‍ അഴിമതി ആരോപിക്കപ്പെട്ടിരുന്നു. അന്ന് സുപ്രീംകോടതി ഇടപെട്ട് ബിജെപിയുടെ വിജയം റദ്ദാക്കുകയും പകരം ആം ആദ്മിയുടെ പ്രതിനിധിയെ മേയറായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇക്കൊല്ലം കൈ ഉയര്‍ത്തി പിന്തുണ പ്രഖ്യാപിക്കുന്ന രീതി അവലംബിച്ചത്. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ഉള്‍പ്പെടെ ആവശ്യപ്പെട്ടതനുസരിച്ചാണ് കൈ ഉയര്‍ത്തി പിന്തുണപ്രഖ്യാപിക്കുന്ന രീതി മതിയെന്ന് തീരുമാനിച്ചത്.