• Mon. Mar 10th, 2025

24×7 Live News

Apdin News

‘ചതിവ്, വഞ്ചന, അവഹേളനം.. 52 വര്‍ഷത്തെ ബാക്കിപത്രം’; അതൃപ്തി പ്രകടമാക്കി എ പത്മകുമാര്‍

Byadmin

Mar 10, 2025


കൊല്ലം : സിപിഎം സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ചതിവ്, വഞ്ചന, അവഹേളനം.. 52 വര്‍ഷത്തെ ബാക്കിപത്രം എന്നാണ് കുറിച്ചത്. പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനം മാത്രം പരിശോധിച്ച് ഒരാള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കാനാവില്ല എന്നാണ് തന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ചെറുപ്പക്കാര്‍ മുന്നോട്ട് വരണം എന്നതില്‍ തനിക്ക് തര്‍ക്കമില്ലെന്നും എന്നാല്‍ പാര്‍ട്ടി രംഗത്ത് പ്രവര്‍ത്തിക്കാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതില്‍പ്രയാസമുണ്ടെന്നും അദ്ദേഹം പറയുന്നു. യുവാക്കളെ എടുക്കുന്നതിനൊപ്പം ബാക്കിയുള്ളവരെക്കൂടി പരിഗണിക്കാമായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബൂക്കില്‍ കുറിച്ചു. 52 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. പത്തനംതിട്ട ജില്ലയിലെ ഏറ്റവും സീനിയറാണ്.

“25-ാം വയസില്‍ ഏരിയാ സെക്രട്ടറിയായ ആളാണ് ഞാന്‍. 30ാം വയസില്‍ എംഎല്‍എ ആയ ആളാണ്. കഴിവില്ലാത്തത് കൊണ്ടാവും എന്നെ പരിഗണിക്കാതിരുന്നത്. പാര്‍ട്ടിയെ വഞ്ചിക്കാനോ ദോഷം വരുത്താനെ ഞാനില്ല. എനിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് അറിയിച്ചു എന്നുമാത്രം.” ഒരു പരിഗണന കിട്ടേണ്ടിയിരുന്നുവെന്ന മാനസികാവസ്ഥയുണ്ടെന്നല്ലാതെ തീരുമാനത്തിന് വിരുദ്ധമായി നില്‍ക്കാനോ ഇട്ടിട്ടു പോകാനോ ഇല്ല. പ്രതിഷേധമല്ല – അദ്ദേഹം പറഞ്ഞു.

By admin