
തൃശൂര്‍ : കോണ്‍ഗ്രസിന്റെ ആദ്യപട്ടിക പുറത്തുവന്നപ്പോള്‍ തൃശൂരില്‍ ടി.വി. ചന്ദ്രമോഹന്‍ പുറത്ത്. മുന്‍ മേയര്‍ രാജന്‍ ജെ.പല്ലനാണ് തൃശ്ശൂരില്‍ സ്ഥാന ാര്‍ത്ഥി. ഒല്ലൂരില്‍ ഷാജി കോടങ്കണ്ടത്ത് സ്ഥാനാര്‍ത്ഥിയായി. ടി.വി ചന്ദ്രമോഹനെ തഴഞ്ഞതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധവും നിരാശയുമുണ്ട്. തൃശ്ശൂര്‍ സീറ്റ് കൊടുക്കുമെന്ന് നേരത്തെ പാര്‍ട്ടി നേതൃത്വം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അവസാന നിമിഷത്തിലെ ബാഹ്യ ഇടപെടലുകളാണ് ചന്ദ്രമോഹന് സീറ്റ് നഷ്ടമാക്കിയത്.
ഒല്ലൂരില്‍ ഷാജി കോടങ്കണ്ടത്തും ജോസ് വള്ളൂരുമാണ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ജോസ് വള്ളൂര്‍ കെ.സുധാകരന്റെ അനുയായിയാണ് എന്ന കാരണത്താല്‍ ഒഴിവാക്കപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും തൃശ്ശൂരില്‍ പരിഗണിക്കപ്പെട്ടിരുന്ന പേരാണ് ചന്ദ്രമോഹന്റേത്. എന്നാല്‍ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. ഇക്കുറിയും ചന്ദ്രമോഹന്‍ തഴയപ്പെട്ടു. 91 മുതല്‍ 96 വരെ കുന്നംകുളം എംഎല്‍എയായിരുന്നു ചന്ദ്രമോഹന്‍. പിന്നീട് കെ.മുരളീധരന് വേണ്ടി വടക്കാഞ്ചേരി ഒഴിഞ്ഞ വി.ബാലറാം കുന്നംകുളത്തേക്ക് മത്സരത്തിന് എത്തിയപ്പോള്‍ ചന്ദ്രമോഹന് കുന്നംകുളം നഷ്ടമായി. തൃശ്ശൂരില്‍ ചന്ദ്രമോഹനെ പരിഗണിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമുണ്ട്. മുരളീധര വിഭാഗം കടുത്ത അതൃപ്തിയിലാണ്.
ഒല്ലൂര്‍ സീറ്റിനു വേണ്ടി ജോസ് വള്ളൂര്‍ അവസാന നിമിഷവും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞദിവസം ദല്‍ഹിയിലെത്തി നേതാക്കളെ കണ്ടിരുന്നു. പക്ഷേ രാജന്‍ പല്ലനും ഷാജി കോടങ്കത്തിനു വേണ്ടി ശക്തമായ ബാഹ്യസമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്. വടക്കാഞ്ചേരിയിലും കുന്നംകുളത്തും തര്‍ക്കം മൂലം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. വടക്കാഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലര്‍ വൈശാഖും ഡിസിസി ജനറല്‍ സെക്രട്ടറി അജിത് കുമാറും കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തും രംഗത്തുണ്ട്. വൈശാഖിന്റെ പേരാണ് കെപിസിസി നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ പ്രാദേശിക ഘടകങ്ങള്‍ മുഴുവന്‍ വൈശാഖിന് എതിരാണ്. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സോയയുടെ പേര് പരിഗണിക്കുന്നുണ്ടെങ്കിലും അനില്‍ അക്കര സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നതാണ് തടസ്സം.
അതിനിടെ നാട്ടിക മണ്ഡലത്തിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായി. കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം ഭാരവാഹി യോഗം മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്‌കരിച്ചു. കെപിസിസി മുന്‍ട്രഷറര്‍ കെ.കെ.കൊച്ചുമുഹമ്മദ്, കെപിസിസി അംഗം എച്ച്.അബ്ദുല്‍സലാം,ഡിസിസി ജന.സെക്രട്ടറി ജോസഫ് പെരുമ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പുകാരാണ് ഇറങ്ങിപ്പോയത് . ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡണ്ട് പദവി കൂടി വഹിക്കുന്നതിലുള്ള പ്രതിഷേധമാണ് ഇവര്‍ കാരണമായി പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം നാട്ടികയില്‍ സുനില്‍ ലാലൂരിന് സീറ്റ് കൊടുത്തതാണ്. എ ഗ്രൂപ്പുകാരനായ സുനിലിന് സീറ്റ് കൊടുത്തതിലുള്ള പ്രതിഷേധമാണ് ഐ ഗ്രൂപ്പ് വിട്ടുനിന്നതിലൂടെ പ്രകടമായത്.