• Mon. Oct 13th, 2025

24×7 Live News

Apdin News

ചന്ദ്രിക വാര്‍ഷിക കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം; ന്യൂനപക്ഷ പ്രസിദ്ധീകരണങ്ങള്‍ക്ക് ശക്തിപകരേണ്ട സമയം: പി.അബ്ദുല്‍ ഹമീദ്

Byadmin

Oct 13, 2025


മലപ്പുറം: രാജ്യത്ത് ഭരണകൂട ഒത്താശയോടെ ന്യൂനപക്ഷ വേട്ട ശക്തമായി തുടരുന്ന സാഹചര്യമാണെന്നും ന്യൂനപക്ഷ പ്രസിദ്ധീകരണങ്ങളെയടക്കം വേട്ടയാടുന്ന കാലത്ത് അവക്ക് ശക്തിപകരേണ്ട സമയാണെന്നും മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ. ചന്ദ്രിക വാര്‍ഷിക പ്രചാരണ കാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. ഫാസി്സ്റ്റ് ഭരണകൂടം ഏറ്റവും കൂടുതല്‍ ഭയക്കുന്നത് മാധ്യമങ്ങളെയാണ്. ഭരണഘടനയുടെ നാലാം തൂണിനെ നിശബ്ദമാക്കാനും അധികാരങ്ങള്‍ വെട്ടികുറക്കാനും സര്‍ക്കാര്‍ ശ്രമം നടത്തുന്നു. സംഘ് പരിവാര്‍ ശക്തികള്‍ മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നു. വല്ലാത്തൊരു ഭീകരാന്തരീക്ഷത്തിലാണ് നാം കഴിയുന്നത്. മര്‍ദിത പിന്നോക്ക ന്യൂനപക്ഷങ്ങളുടെ വളര്‍ച്ചക്കും അവരുടെ ഉന്നമനത്തിനും എന്നും കരുത്തായി നിന്ന പ്രസിദ്ധീകരണമാണ് ചന്ദ്രിക. പതിറ്റാണ്ടുകളായി ആ ദൗത്യം വളരെ കൃത്യമായി തന്നെ നിറവേറ്റി പോന്നു. കലാ, സാഹിത്യ, സാംസ്്കാരിക മേഖലകളില്‍ മലയാളത്തിന് വലിയ പിന്തുണ നല്‍കി. എഴുത്തുകാരെ വളര്‍ത്തി. ന്യൂനപക്ഷ, സ്വത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നേറുന്ന മുസ്്‌ലിംലീഗിന് കരുത്തായി എന്നും നിലകൊണ്ടു. കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ സമൂഹത്തിനും സമുദായത്തിനും വെളിച്ചമാകാന്‍ ചന്ദ്രികക്കായി അദ്ദേഹം പറഞ്ഞു.

മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷനായി. ചന്ദ്രിക കാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനം എഴുത്തുകാരന്‍ മണമ്പൂര്‍ രാജന്‍ ബാബുവിന് കോപ്പി നല്‍കി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍വഹിച്ചു. ചന്ദ്രിക സംസ്ഥാന കോഓര്‍ഡിനേറ്ററായി മികച്ച സേവനം ചെയ്യുന്ന അരിമ്പ്ര മുഹമ്മദ് മാസ്റ്ററെ ആദരിച്ചു. 2023-24, 2024-25 വാര്‍ഷിക കാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച മണ്ഡലം, നഗരസഭ, പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 2024-25 വാര്‍ഷിക കാമ്പയിനില്‍ ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത നിയോജക മണ്ഡലം യഥാക്രമം കൊണ്ടോട്ടി, മലപ്പുറം, വേങ്ങര, നഗരസഭ- കൊണ്ടോട്ടി, മഞ്ചേരി, പഞ്ചായത്ത് -ചീക്കോട്, മൂന്നിയൂര്‍, പൂക്കോട്ടൂര്‍ എന്നിവര്‍ക്കും 2024-25 വാര്‍ഷിക കാമ്പയിനില്‍ നിയോജക മണ്ഡലം-കൊണ്ടോട്ടി, മലപ്പുറം, തിരൂരങ്ങാടി, നഗരസഭ-കോട്ടക്കല്‍, മഞ്ചേരി, പഞ്ചായത്ത്-മൂന്നിയൂര്‍, ചീക്കോട്, നന്നമ്പ്ര എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഉമ്മര്‍ അറക്കല്‍ സ്വാഗതം പറഞ്ഞു. ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ പി.എം.എ സമീര്‍, അഷ്‌റഫ് കോക്കൂര്‍, ഇസ്്മായില്‍ മൂത്തേടം, എം.എ ഖാദര്‍, കെ കുഞ്ഞാപ്പുഹാജി, പി.എസ്.എച്ച് തങ്ങള്‍, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി, കെ.എം ഗഫൂര്‍, ഉസ്മാന്‍ താമരത്ത്, കെ.പി മുഹമ്മദ് കുട്ടി,പി.എ ജബ്ബാര്‍ ഹാജി, അന്‍വര്‍ മുള്ളമ്പാറ, ചന്ദ്രിക ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് നജീബ് ആലിക്കല്‍, അഡ്്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.എം സല്‍മാന്‍. മലപ്പുറം റസിഡന്റ് എഡിറ്റര്‍ ഇഖ്്ബാല്‍ കല്ലുങ്ങല്‍ പ്രസംഗിച്ചു.


ചന്ദ്രിക സാഹിത്യ ലോകത്തിന് നല്‍കിയ പിന്തുണ മഹത്തരം: മണമ്പൂര്‍ രാജന്‍ ബാബു

മലപ്പുറം: മലയാള സാഹിത്യ ലോകത്ത് ചന്ദ്രികക്ക് വലിയ സ്ഥാനമുണ്ടെന്നും ഇന്ന് മലയാള എഴുത്തുകാരില്‍ അധികവും ചന്ദ്രിക ഉയര്‍ത്തി കൊണ്ടുവന്നവരാണെന്നും എഴുത്തുകാരനും കവിയുമായ മണമ്പൂര്‍ രാജന്‍ ബാബു. 1970-കളില്‍ ചന്ദ്രിക ആഴ്ച്ചപതിപ്പില്‍ എഴുതിയത് ഓര്‍ക്കുന്നു. അന്ന് അഞ്ചു രൂപയാണ് പ്രതിഫലം നല്‍കിയത്. എം.ടിയും പത്മനാഭനുമടക്കം പ്രമുഖരെല്ലാം ചന്ദ്രിക ആഴ്ച്ചപതിപ്പിലെ സ്ഥിരം എഴുത്തുകാരായിരുന്നു. എഴുതി തുടങ്ങുന്നവര്‍ക്ക് വലിയ പ്രോത്സാഹനം നല്‍കി. പ്രസിദ്ധീകരണങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം അപകടകരമാണ്. ഇതിനെ പ്രതിരോധിക്കണം. ഹിറ്റ്്‌ലര്‍ പണ്ട് ചെയ്തത് ഗ്രന്ഥശാലകള്‍ക്ക് തീയിടുകയായിരുന്നു. അതുപോലെയാണ് ബിജെപി സര്‍ക്കാറും ചെയ്യുന്നത്. ഇതേ ഹിറ്റ്‌ലര്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് ആരും മറക്കരുത്. ഏകാധിപതികള്‍ക്കെല്ലാം കാലം മറുപടി കൊടുത്തിട്ടുണ്ട്. പോസ്റ്റര്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചും മറ്റു പല പരിഷ്‌കാരങ്ങളുമായി പ്രസിദ്ധീകരണങ്ങളെയടക്കം ബുദ്ധിമുട്ടിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരണം. ചന്ദ്രിക ദിനപത്രവും ആഴ്ച്ചപ്പതിപ്പുമെല്ലാം ഭംഗിയോടെ കൂടുതല്‍ ശോഭയോടെ മലയാളത്തില്‍ തുടരണം. അദ്ദേഹം പറഞ്ഞു.

By admin