”എന്നെ വിട്ടുകളയരുതേ” എന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് പറയുമായിരുന്നു മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്ന പറച്ചിലിന്റെ പിന്നാമ്പുറങ്ങളും മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കിടാത്ത ചരിത്രമാണ് ചില പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെന്നത് വെറും കെട്ടുകഥയാണ്. കവിയും ഗാനരചയിതാവുമായിരുന്ന, അന്തരിച്ച മജ്‌റൂഹ് സുല്‍ത്താന്‍ പുരിയെ 1959ല്‍ കേന്ദ്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ‘ചാഹുംഗ മേ തുഛേ സാഞ്ച് സവേരേ’ എന്ന സുന്ദരഗാനമെഴുതിയ കവി. മുംബൈയില്‍ മില്‍ തൊഴിലാളികള്‍ അന്നത്തെ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത് കവിത ചൊല്ലിയതിനായിരുന്നു അറസ്റ്റ്. ”അമന്‍ കാ ഝണ്ടാ ഇസ് ധരിത്രീ പര്‍ കിസ്‌നേ കഹാ ലഹരാനാ ന പായേ…”(ഈ ഭൂമിയില്‍ സമാധനത്തിന്റെ കൊടി പാറില്ലെന്ന് ആര് പറഞ്ഞു) എന്ന് തുടങ്ങിയ കവിതയുടെ തുടര്‍ച്ച ഇങ്ങനെ ആയിരുന്നു: ”യേ ഭീ കോയി ഹിറ്റ്‌ലര്‍ കാ ചേലാ…” കോമണ്‍വെല്‍ത്തിന് അടിമയായ ആ ഹിറ്റ്‌ലറുടെ ശിഷ്യനെക്കുറിച്ചുള്ള കവിത, തന്നേക്കുറിച്ചാണെന്ന് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവിന് നല്ല ബോധ്യമുണ്ടായി. തുടര്‍ന്നായിരുന്നു അറസ്റ്റെന്നു നന്ദകുമാര്‍ വിശദീകരിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നെഹ്‌റു മോഡല്‍. കവിയുടെ ഭാര്യ അന്ന് പൂര്‍ണ ഗര്‍ഭിണിയായിരുന്നു. സുല്‍ത്താന്‍പുരിയെ ഒന്നു കാണാന്‍കൂടി അവരെ സമ്മതിച്ചില്ല. ഭാര്യയുടെ ചികിത്സയ്‌ക്ക് പണം സ്വരൂപിച്ചത് നടന്‍ രാജ്കുമാറായിരുന്നു. രാജ്യത്തിന്റെ ചരിത്ര രേഖകളില്‍ ഇതൊക്കെയുണ്ടെന്നും ഈ സത്യങ്ങള്‍ പുറം ലോകത്തെ അറിയിക്കേണ്ടത് പത്രപ്രവര്‍ത്തകന്റെ ധര്‍മ്മമാണ്.
അമേരിക്കയുടെ ഭരണഘടനയിലെ ആദ്യ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. എന്നാല്‍ ഭാരതത്തിന്റെ ഭരണ ഘടനയിലെ ആദ്യ ഭേദഗതി മാധ്യമ സ്വാതന്ത്ര്യം ഹനിക്കാനായിരുന്നു. നെഹൃവിന്റെ നയങ്ങളേയും പരിപാടികളേയും ‘ഓര്‍ഗനൈസര്‍’ വാരിക അന്ന് എതിര്‍ത്തു; ചോദ്യം ചെയ്തു. അത് ജനവികാരമായിരുന്നു. ആവിഷ്‌കാര- മാധ്യമ സ്വാതന്ത്ര്യക്കാരനായി വാഴ്‌ത്തപ്പെടുന്ന നെഹൃ ഓര്‍ഗനൈസറിന് നിയന്ത്രണം കൊണ്ടുവന്നു. പ്രീ സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തി. വാരിക നടത്തിയിരുന്ന ബ്രിജ് ഭൂഷണ്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി നെഹൃവിന്റെ നിലപാടിനെ ശരിവച്ചു. അന്ന് പത്രാധിപര്‍ ധീരനായ കെ.ആര്‍. മല്‍ക്കാനി ആയിരുന്നു. അവര്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീംകോടതി, ഭരണഘടന പ്രകാരം മാധ്യമങ്ങള്‍ക്ക് ആരെയും കാരണമുണ്ടെങ്കില്‍ വിമര്‍ശിക്കാമെന്ന് വിധി പറഞ്ഞു. ഒപ്പം മാധ്യമങ്ങളുടെ കടമയും ഉത്തരവാദിത്വവും ഓര്‍മ്മിപ്പിച്ചു. തുടര്‍ന്നാണ് ‘മഹാനായ പ്രധാനമന്ത്രി’ നെഹൃവിന്റെ മാധ്യമ സ്വാതന്ത്ര്യ- അവകാശങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമായത്.
അക്കാലത്ത് കേരളം സന്ദര്‍ശിച്ചനെഹൃ, കോണ്‍ഗ്രസ് മീറ്റിങ്ങില്‍ സര്‍ക്കാരിനോടുള്ള മാധ്യമങ്ങളുടെ സമീപനങ്ങളെ വിമര്‍ശിച്ചു. ഹിന്ദുമഹാസഭയുടെ പത്രമെന്ന് പരാമര്‍ശിച്ച് ഓര്‍ഗനൈസറിനെക്കുറിച്ച് പറഞ്ഞത്, ഇത്തരം മാധ്യമങ്ങളെ ‘ക്രഷ്’ ചെയ്യണം (ഉടച്ച് തകര്‍ക്കണം) എന്നായിരുന്നു. ഇതിനായി നെഹൃ സ്വയം പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു. അതു സംബന്ധിച്ച ചര്‍ച്ചകളുടെ രേഖകള്‍ ലഭ്യമാണ്. ഒരു ചര്‍ച്ചയില്‍ ‘മഹാനായ പ്രധാനമന്ത്രി’ പറയുന്നു, ”ബിസിനസ് ഓഫ് ഇക്വാലിറ്റി ബിഫോര്‍ ദ ലോ ഈസ് എ ഡേഞ്ചറസ് തിങ്. ദിസ് കംപ്ലീറ്റ്‌ലി ഒപ്പോസ് ദ് പ്രിന്‍സിപ്പിള്‍സ് ഓഫ് കോണ്‍സ്റ്റിറ്റിയൂഷന്‍” (നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഈ ഇടപാട് അപകടകരമാണ്. അത് ഭരണഘടനയുടെ തത്ത്വങ്ങള്‍ക്ക് എതിരാണ്) എന്ന്! ‘എന്നെ വിട്ടുകളയരുതേ എന്ന്, വിമര്‍ശകനായ കാര്‍ട്ടൂണിസ്റ്റിനോടു പറഞ്ഞുവെന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന നെഹൃവിന്റെ ജനാധിപത്യ ബോധവും ഭരണഘടനാ ആദരവും തുറന്നു കാട്ടപ്പെട്ടതാണ്. അതേസമയം, ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അകാരണമായി വിമര്‍ശിക്കുന്ന എത്ര പേര്‍ ജയിലില്‍ പോകുന്നുണ്ട്?
ചരിത്രവും വസ്തുതയും കണ്ടെത്തി വ്യാജ പ്രചാരണങ്ങളെ തുറന്നു കാട്ടേണ്ടവരാണ് മാധ്യമ പ്രവര്‍ത്തകര്‍. മാധ്യമ പ്രവര്‍ത്തനത്തില്‍ ബിരുദം നേടിയതുകൊണ്ടായില്ല, ക്ലാസ് മുറികളും വാര്‍ത്താ മുറികളും തമ്മില്‍ വ്യത്യാസമുണ്ട്. വാണിജ്യ താല്‍പര്യവും ആശയാദര്‍ശ പക്ഷപാതവും സ്ഥാപനങ്ങളുടെ താല്‍പര്യങ്ങളുമൊക്കെ പ്രവൃത്തി പഥത്തില്‍ നേരിടേണ്ടി വന്നേക്കാം. അവിടെ മൂല്യവും ധര്‍മ്മവും കൈവിടാതെ പ്രവര്‍ത്തിക്കുക പ്രധാനമാണ്. മാധ്യമ പ്രവര്‍ത്തന ലോകത്തിന് നഷ്ടമായ മാന്യത തിരികെ സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. ധാര്‍മ്മിക മാധ്യമ പ്രവര്‍ത്തനമാണതിന് വേണ്ടത്. സത്യം അടിത്തറയാക്കണം. മൂല്യമായിരിക്കണം മാര്‍ഗ്ഗം. സഹാനുഭൂതിയാകണം അതിന്റെ ഗതിവേഗം. മാനുഷികതയായിരിക്കണം പരിഗണന. ഭയമില്ലാതെ, കളങ്കരഹിതരായിരിക്കണം. ദോഷം കാണുന്നവരാകരുത്,വിമര്‍ശിക്കണം. വിട്ടുവീഴ്ചയരുത്, പ്രേരകരാകണം. ത്യാഗങ്ങളിലൂടെ നേട്ടം ഉണ്ടാക്കണം. ഒരിക്കലും വൈയക്തിക ദൗര്‍ബല്യങ്ങള്‍ക്ക് വശംവദരാകരുത്.
ഭാരതീയ ദര്‍ശനത്തില്‍ ധര്‍മ്മചിന്തയുടെ മര്‍മ്മമായി ”തടസ്ഥതം” എന്നൊരു വിവക്ഷയുണ്ട്. തീരത്തിരുന്ന് നദിയെനോക്കിക്കാണുക, പഠിക്കുക, അറിയുക, പക്ഷേ നദിയുടെ ഭാഗമാകാതിരിക്കുക എന്നാണ് ലളിതമായ അര്‍ത്ഥം. നമ്മെ ബാധിക്കാതെ ഒന്നിനെ കാണുക, അറിയുക,എന്ന ആ നിര്‍മ്മമത്വം അത്ര എളുപ്പമല്ല. അച്ചടക്കമുള്ള, നിയന്ത്രണമുള്ള, ധര്‍മ്മത്തിലൂന്നിയ കര്‍മ്മമാണത്. മാഗ്‌കോമില്‍ നിന്ന് കിട്ടിയ ധാര്‍മ്മിക മൂല്യം ഒരു ഘട്ടത്തിലും കൈവിടാതിരിക്കുക.