• Sat. Nov 8th, 2025

24×7 Live News

Apdin News

ചരിത്രത്തെ അറിയുവാനും അറിയിക്കുവാനും പുതിയ തലമുറ തയാറാകണം – രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍

Byadmin

Nov 8, 2025



കൊച്ചി: ഗോവന്‍ വിമോചന സമരം ഗഹനമായ പഠനത്തിന് വിധേയമാക്കണമെന്നും അതിന് നേതൃത്വം നല്‍കിയ വീര ദേശാഭിമാനികളില്‍ നിന്നും ആവേശം ഉള്‍ക്കൊള്ളണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ .കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയില്‍ പതിനെട്ട് ജൂണ്‍ – ഒരു ക്രാന്തി യാത്ര എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐതിഹാസികമായ സമരമാണ് ഗോവയുടെ വിമോചനത്തിന് വേണ്ടി പോര്‍ച്ചുഗീസുകാര്‍ക്ക് എതിരെ റാം മനോഹര്‍ ലോഹ്യയുടെയും ജഗന്നാഥ റാവു ജോഷിയുടെയും നേതൃത്വത്തില്‍ നടന്നത്. പോര്‍ച്ചുഗീസുകാര്‍ ഗോവന്‍ ജനതയോട് കാട്ടിയ ക്രൂരതകള്‍ ഒരു കാരണവശാലും മറക്കരുതെന്നും മറക്കാന്‍ ആവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം ചരിത്രത്തിലെ ഏടുകളെ കുറിച്ച് സ്മരിക്കാനും, സംവദിക്കാനും പുതിയ തലമുറ തയാറാകണമെന്നും അതിനായി ഗഹനമായ വായനയിലേക്ക് ചെറുപ്പക്കാര്‍ തിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ സമര സേനാനിയും, എഴുത്തുകാരനുമായ ലക്ഷ്മിദാസ് ബോര്‍ക്കര്‍ എഴുതി ആര്‍.ഭാസ്‌കര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പുസതകമാണ് ‘പതിനെട്ട് ജൂണ്‍ ഒരു ക്രാന്തി യാത്ര’ ഗോവയുടെ വിമോചനത്തിനായി 1960കളില്‍ വീര പോരാട്ടം നടത്തിയ ലെഫ്.കമാന്‍ഡര്‍ പി. കെ നാരായണപിള്ളയെ (റിട്ട) വേദിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. തിരിച്ച് തന്നോടൊപ്പം പ്രവര്‍ത്തിച്ച ധീര ജവാന്മാര്‍ക്കും അവരുടെ ഓര്‍മ്മകള്‍ക്കും ആദര സൂചകമായി സല്യൂട്ട് നല്‍കിയപ്പോള്‍ നിറഞ്ഞ സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

നിതിന്‍ ബോര്‍ക്കര്‍ അധ്യക്ഷനായ ചടങ്ങില്‍ ആര്‍.എസ്. ഭാസ്‌കര്‍, ഡോ.പൂജ പി, എന്‍.എസ് സരിത എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

By admin