
ന്യൂദൽഹി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചരിത്ര ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തിങ്കളാഴ്ച വൻ സമ്മാനത്തുക പ്രഖ്യാപിച്ചു. ചരിത്ര നേട്ടത്തിന് ആദരസൂചകമായി ടീമിനും സപ്പോർട്ട് സ്റ്റാഫിനും മൊത്തം 51 കോടി രൂപ സമ്മാനത്തുക നൽകുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ മാധ്യമങ്ങളോട് പറഞ്ഞു.
ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ വനിതാ ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ക്രിക്കറ്റ് ചരിത്രത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. ഏറെ സമ്മർദ്ദമുണ്ടായിരുന്ന ഒരു മത്സരത്തിൽ മികച്ച ഓൾറൗണ്ട് പ്രകടനത്തിലൂടെയാണ് ലോറ വോൾവാർഡിന്റെ ഭക്ഷിണാഫ്രിക്കൻ ടീമിനെ ഇന്ത്യൻ ടീം മറി കടന്നത്.
299 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടാകുകയായിരുന്നു. സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് (101) പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. രണ്ട് ഓള്‍റൗണ്ടര്‍മാരാണ് ഫൈനലില്‍ ഇന്ത്യയുടെ നെടുംതൂണായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ദീപ്തി ശര്‍മയും ഷെഫാലി വര്‍മയും ഒരുപോലെ തിളങ്ങി . അര്‍ധസെഞ്ചറി നേടിയ ഇരുവരും ബോളിങ്ങില്‍ യഥാക്രമം അഞ്ചും രണ്ടും വിക്കറ്റ് വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 50 ഓവറിൽ 298 റൺസ് നേടി. ഷെഫാലി വർമ്മയുടെ (87) സ്ഫോടനാത്മക ഇന്നിംഗ്‌സും ദീപ്തി ശർമ്മയുടെ (58) സ്ഥിരതയാർന്ന പ്രകടനവുമാണ് ഇന്ത്യയെ ശക്തമായ സ്‌കോറിലേക്ക് നയിച്ചത്.