
തിരുവനന്തപുരം:ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര സംവിധായകനും സി പി എം മുന്‍ എം എല്‍ എയുമായ പി.ടി. കുഞ്ഞുമുഹമ്മദ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.ഹര്‍ജി സ്വീകരിച്ച കോടതി, പൊലീസിനോട് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.ചലച്ചിത്ര പ്രവര്‍ത്തകയാണ് പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള മലയാള സിനിമകളെ തെരഞ്ഞെടുക്കുന്നതിനുളള ജൂറി അംഗമാണ് പരാതി നല്‍കിയ ചലച്ചിത്ര പ്രവര്‍ത്തക. ഈ ജൂറിയുടെ അധ്യക്ഷനാണ് പി.ടി. കുഞ്ഞുമുഹമ്മദ്.ഹോട്ടല്‍ മുറിയില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആധാരമായ സംഭവം.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോണ്‍മെന്റ് പൊലീസിന് കൈമാറി.ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്.എന്നാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി 13 ദിവസം കഴിഞ്ഞാണ് കേസെടുത്തതെന്നത് വിമര്‍ശന വിധേയമായിട്ടുണ്ട്.
.