
തിരുവനന്തപുരം: ചികിത്സ കിട്ടാതെ കൊല്ലം ചവറ സ്വദേശി വേണു മരിച്ചതിൽ ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച. സിഎച്ച്സി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിന് വരെ വീഴ്ചയെന്ന് ഡിഎംഇ നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട്. ഗുരുതര വീഴ്ച കണ്ടെത്തിയിട്ടും ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശയില്ല.
കൊല്ലം ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. ആൻജിയോപ്ലാസ്റ്റി നടത്താമെന്ന നിർദേശം ഫയലിൽ രേഖപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിനും പിഴവുണ്ടായെന്ന് റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐസിയുവിൽ പ്രവേശിപ്പിച്ചില്ല. മെഡിക്കൽ വാർഡിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സ കിട്ടാൻ വൈകിയെന്നും റിപ്പോര്‍ട്ട്.
കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. ഇതിനു പിന്നാലെ ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം ടിഎംഈയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ ആണെന്ന വേണുവിന്റെ നിരവധി ശബ്ദ സന്ദേശങ്ങളും മരണശേഷം പുറത്തുവന്നിരുന്നു.