കൊച്ചി: മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹരജി തള്ളിയത്. നേരത്തെ കോട്ടയം സെഷൻസ് കോടതി മുൻകൂർജാമ്യ ഹരജി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
ജാമ്യവ്യവസ്ഥകൾ നിരന്തരം ലംഘിക്കുന്നുവെന്നും ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപ പ്രയോഗം നടത്തിയതെന്ന വാദം ഹൈകോടതിയും മജിസ്ട്രേറ്റ് കോടതികളും നൽകിയ ഉത്തരവുകൾ തുടർച്ചയായി ലംഘിക്കുന്നതിന് ന്യായീകരണമല്ല. സമാന കേസിൽ മുമ്പ് ജാമ്യം അനുവദിച്ചപ്പോൾ, പ്രസ്താവനകളിൽ ജാഗ്രത വേണമെന്ന് ഹൈകോടതി ഓർമിപ്പിച്ചിരുന്നതാണ്. എന്നാൽ, അതടക്കം ഉത്തരവുകൾ നിരന്തരം ലംഘിക്കുകയാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വാക്കാൽ പറഞ്ഞു.
ചാനൽ ചർച്ചയിൽ മുസ്ലിംവിരുദ്ധ പ്രസ്താവനകൾ നടത്തിയതിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ജോർജ് നൽകിയ മുൻകൂർജാമ്യ ഹരജിയിലാണ് കോടതിയുടെ വാക്കാൽ നിരീക്ഷണം. ജോർജിന്‍റെ പരാമർശത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്.
മുസ്‌ലിം ലീഗ് പ്രതിനിധി പ്രകോപിപ്പിച്ചതിനെത്തുടർന്ന് മറുപടി നൽകിയപ്പോൾ സംഭവിച്ച നാക്കുപിഴയാണിതെന്നും ബോധപൂർവമല്ലെന്നുമാണ് ഹരജിക്കാരന്‍റെ വാദം.