ബെംഗളൂരു: ചാമുണ്ഡേശ്വരി ദേവിയും ക്ഷേത്രവും ഹിന്ദുക്കളുടേത് മാത്രമല്ലെന്നും എല്ലാ വിഭാഗത്തിന്‍റേതുമാണെന്നുമുള്ള കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയെ ഖണ്ഡിച്ച് മൈസൂര്‍ രാജകുടുംബത്തിലെ പ്രമോദദേവി വാഡിയാര്‍. ചാമുണ്ഡേശ്വരി ദേവി ഹിന്ദുക്കളുടേതല്ലെന്ന് പറയുന്നത് അവിവേകമാണെന്നും ചാമൂണ്ഡേശ്വരി കുന്നിലെ ചാമുണ്ഡേശ്വരി ദേവിയെ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതില്‍ ആശങ്കയുണ്ടെന്നും പ്രമോദദേവി വാഡിയാര്‍ പറഞ്ഞു.
ചാമുണ്ഡി കുന്നിന് മുകളില്‍ സെപ്തംബര്‍ 22ന് നടക്കുന്ന മൈസൂര്‍ ദസറ ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ഭാനു മുഷ്താഖ് എന്ന എഴുത്താകാരിയെ ക്ഷണിച്ച കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം ഹിന്ദുഭക്തജനങ്ങളുടെ ഇടയില്‍ ഏറെ ആശങ്കയുളവാക്കുകയാണ്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് ചാമുണ്ഡി കുന്നും ചാമുണ്ഡി ദേവിയും ഹിന്ദുക്കളുടേത് മാത്രമല്ലെന്ന പ്രസ്താവനയുമായി സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ രംഗത്ത് വന്നത്. .
“ചാമുണ്ഡേശ്വരീക്ഷേത്രം ഹിന്ദുക്കളുടേതല്ലെങ്കില്‍ അത് കര്‍ണ്ണാടകസര്‍ക്കാരിന്റെ മുസരൈ വകുപ്പിന് കീഴില്‍ വരുമായിരുന്നോ? ഹിന്ദു മത, ധര്‍മ്മസ്ഥാപനങ്ങളുടെ, പ്രത്യേകിച്ചും ക്ഷേത്രങ്ങളുടെ, പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വകുപ്പാണിത്. “- ഡി.കെ. ശിവകുമാറിനെ വിമര്‍ശിച്ചുകൊണ്ട് പ്രമോദദേവി വാഡിയാര്‍ വ്യക്തമാക്കി.
“ഈ വര്‍ഷത്തെ ദസറ ആഘോഷം നടത്തുന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ രീതി കാണുമ്പോള്‍ അതിയായ നിരാശയുണ്ട്. പ്രത്യേകിച്ചും ചാമുണ്ഡി കുന്നിന് മുകളിലെ ചാമുണ്ഡേശ്വരി ദേവിക്ഷേത്രത്തെ രാഷ്‌ട്രീയവല്‍ക്കരിക്കുന്നത് കാണുമ്പോള്‍”.-പ്രമോദദേവി വാഡിയാര്‍ വാഡിയാര്‍ പറഞ്ഞു.