തളിപറമ്പ്: ചാറ്റ് ജിപിടിയും ഗൂഗിളും ഉപയോഗിച്ച് ഒരു പൊലീസുകാരന്‍ നടത്തിയ അന്വേഷണത്തില്‍ യാത്രക്കിടെ നഷ്ടപ്പെട്ട പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് അതിന്റെ ഉടമയായ പെണ്‍കുട്ടിക്ക് തിരിച്ചുകിട്ടാന്‍ സഹായിച്ചു. പാലക്കാട് നിന്നും കോഴിക്കോട് വഴി മൊറാഴയിലേക്കുള്ള യാത്രക്കിടെയാണ് യുവതിക്ക് ബാഗ് നഷ്ടപ്പെട്ടത്.
വളരെ വൈകിയാണ് ബാഗ് നഷ്ടപ്പെട്ടു എന്നുള്ള വിവരം കുടുംബം മനസ്സിലാക്കുന്നത്. ഉടന്‍തന്നെ തളിപ്പറമ്പ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പാലക്കാട്ടു നിന്നും മൊറാഴയിലേക്കുള്ള യാത്ര മദ്ധ്യേയാണ് ബാഗ് നഷ്ടപ്പെട്ടതെന്നും, പരാതിക്കാരി കോഴിക്കോട് ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിരുന്നുവെന്നും മനസിലാക്കാൻ സാധിച്ചു.
ഉടന്‍തന്നെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് പി വി ഗൂഗിള്‍ ടൈംലൈനിന്റെ സഹായത്തോടെ പരാതിക്കാര്‍ ഭക്ഷണം കഴിക്കാനായി സമയം ചെലവഴിച്ച സ്ഥലം കണ്ടെത്തി. കൂടാതെ പരാതിയില്‍ എം എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഹോട്ടലില്‍ നിന്നാണ് ആഹാരം കഴിച്ചതെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.
ചാറ്റ് ജിപിടി ഉപയോഗിച്ച് ആ പ്രദേശത്തെ ‘എം’ എന്ന പേരിലുള്ള ഹോട്ടലുകളുടെ ലിസ്റ്റ് തയ്യാറാക്കി ഹോട്ടലുകളുടെ നമ്പറും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാഗ് മറന്നുവെച്ചത് വളാഞ്ചേരിയിലെ ഹോട്ടല്‍ ‘മുഫീദ’യില്‍ ആണെന്ന് കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനില്‍ നിന്നും അറിയിച്ചതിനെത്തുടര്‍ന്ന് നഷ്ടപ്പെട്ട ബാഗ് വീണ്ടെടുക്കാന്‍ ഹോട്ടല്‍ ഉടമ സഹായിച്ചതോടെ ബാഗ് കണ്ടെത്താനായി.
പരാതിക്കാരിയുടെ മേല്‍വിലാസത്തിലേക്ക് കൊറിയര്‍ വഴി ഉടന്‍ തന്നെ ബാഗ് അയച്ചുകൊടുക്കുകയും ചെയ്തു. ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ ബാഗാണ് തളിപ്പറമ്പ് പൊലീസിന്റെ സമര്‍ത്ഥമായ അന്വേഷണത്തിലാണ് തിരിച്ചു കിട്ടിയത്. .