ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. ടാറിങ് പൂര്‍ത്തീകരിച്ച ഭാഗത്ത് അമ്പത് മീറ്റര്‍ നീളത്തിലാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഈ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. കഴിഞ്ഞ മാസവും ഈ പാലത്തില്‍ അപകടം നടന്നിരുന്നു. നിര്‍മാണത്തിനിടെ പാലം ഇടിഞ്ഞ് ക്രെയിന്‍ റോഡിലേക്ക് വീണിരുന്നു. അതേസമയം പാലത്തില്‍ വിള്ളല്‍ കണ്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.
മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് പിന്നാലെ വടക്കന്‍ കേളത്തില്‍ വ്യാപകമായി ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളലുണ്ടായി.
മലപ്പുറം കൂരിയാട് തിങ്കളാഴ്ച ഉച്ചയോടെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗവും സര്‍വിസ് റോഡും തകര്‍ന്നത്. അപകടത്തില്‍ രണ്ട് കാറുകള്‍ തകരുകയും നാല് പേര്‍ക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ കാസര്‍കോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്‍വിസ് റോഡ് കനത്ത മഴയില്‍ തകര്‍ന്നു. ചെമ്മട്ടംവയലിലാണ് സര്‍വിസ് റോഡ് ഒരുഭാഗം പാടെ തകര്‍ന്നത്.