• Fri. Jan 16th, 2026

24×7 Live News

Apdin News

ചാവേര്‍ ഡ്രോണുകള്‍ക്ക് ഡിമാന്‍റ് വന്നതോടെ അഞ്ച് വര്‍ഷത്തില്‍ ആയിരം മടങ്ങായി ഓഹരി വില വര്‍ധിച്ച സോളാര്‍ ഇന്‍ഡസ്ട്രീസ്

Byadmin

Jan 16, 2026



ന്യൂദല്‍ഹി: സോളാര്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഫോടകവസ്തുക്കള്‍ ഉണ്ടാക്കിയിരുന്ന, പിന്നീട് ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആയുധനിര്‍മ്മാണത്തിലേക്ക് കടന്ന കമ്പനിയുടെ ഓഹരി വിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ വന്‍കുതിപ്പ്. അഞ്ച് വര്‍ഷം മുന്‍പ് വെറും 1178 രൂപ മാത്രം ഓഹരി വിലയുണ്ടായിരുന്ന സോളാര്‍ ഇന്‍ഡസ്ട്രീസിന്റെ ഓഹരിവില ഇന്ന് 12881 രൂപയായി ഉയര്‍ന്നിരിക്കുന്നു. ഏകദേശം ആയിരം ശതമാനത്തോളം വളര്‍ച്ചയാണ് ഓഹരി വിലയില്‍ ഉണ്ടായത്.

അഞ്ച് വര്‍ഷം മുന്‍പ് ഒരു ലക്ഷം രൂപയ്‌ക്ക് സോളാര്‍ ഇന്‍ഡസ്ട്രീസിന്റെ ഓഹരി വാങ്ങിയിരുന്നെങ്കില്‍ ഇന്നത് പത്ത് ലക്ഷമായി മാറുമായിരുന്നു. പ്രതിരോധമേഖലയില്‍ ഇന്ത്യ ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കിയതോടെ തദ്ദേശീയമായി വന്‍തോതില്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ സ്വന്തം ഭാഗധേയം മാറ്റിവരച്ച സത്യനാരായണ്‍ നുവല്‍ എന്ന രാജസ്ഥാന്‍ കാരനായ മനുഷ്യന്റെ ബിസിനസ് വിജയം കൂടിയാണ് സോളാര്‍ ഇന്‍സ്ട്രീസിന്റെ കഥ.

രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സത്യനാരായണ നുവാൾ വളരെ ചെറുപ്പം മുതൽ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട വ്യക്തിയായിരുന്നു, പക്ഷേ ഇപ്പോൾ 4.6 ബില്യൺ ഡോളറിന്റെ (ഏകദേശം 39,000 കോടി രൂപ) ആസ്തിയുള്ള കമ്പനിയുടെ ഉടമയാണ്. ഇദ്ദേഹത്തിന്റെ കമ്പനിയായ സോളാര്‍ ഇന്‍ഡസ്ട്രീസ് സ്ഥിതിചെയ്യുന്നത് മഹാരാഷ്‌ട്രയിലെ നാഗ് പൂരിലാണ്.

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യയുടെ കരുത്തുറ്റ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന വിവിധ കമ്പനികളുടെ ഉടമയായാണ് ഇന്ന് സത്യനാരായണ്‍ നുവല്‍ അറിയപ്പെടുന്നത്..അദ്ദേഹത്തിന്റെ കമ്പനിയായ സോളാര്‍ ഇന്‍ഡസ്ട്രീസ് നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ ഏതൊക്കെയാണെന്നോ? രുദ്രാസ്ത്ര, നാഗാസ്ത്ര, പിനാക…..ഇനിയും പുതിയ ആയുധങ്ങളുടെ പണിപ്പുരയിലാണ് സത്യനാരായണ നുവാലിന്റെ ഉടസ്ഥതയിലുള്ള സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ.

ഈയിടെ കേന്ദ്ര പ്രതിരോധമന്ത്രാലയം 930 നാഗാസ്ത്ര 1 എന്ന പതിയിരുന്ന് ആക്രമിക്കുന്ന ഡ്രോണിന് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്. 2924ല്‍ സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യന്‍ സേനയ്‌ക്ക് നല്‍കിയത് 480 ഡ്രോണുകളാണ്. ഡ്രോണ്‍ ആക്രമണം യുദ്ധത്തിന്റെ ഗതി മാറ്റി മറിച്ചതാണ് സോളാര്‍ ഇന്‍ഡസ്ട്രീസിന്റെ ഭാവിയും മാറ്റി വരച്ചത്. നാഗാസ്ത്രയ്‌ക്ക് പുറമെ പിനാക ലോഞ്ചര്‍ സംവിധാനം തുടങ്ങി വിവിധ ആയുധങ്ങള്‍ക്ക് കേന്ദ്ര പ്രതിരോധമന്ത്രാലയം ഓര്‍ഡര്‍ നല്കിയിട്ടുണ്ട്. ഏകദേശം 10000 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതായി പറയുന്നു.

ആളുകളില്ലാതെ ശത്രുരാജ്യത്ത് കടന്ന് ചെന്ന് കൃത്യമായി ബോംബിട്ട് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന നാഗാസ്ത്ര 1 ഇന്ത്യന്‍ സേനയുടെ പ്രിയപ്പെട്ട ഡ്രോണ്‍ ആണ്. ഇത് ഒരു ചാവേര്‍ ഡ്രോണ്‍ കൂടിയാണ്. അതായത് ശത്രൂലക്ഷ്യത്തിലേക്ക് പാഞ്ഞ് ചെന്ന് സ്ഫോടനം നടത്തി ചാവേറാകുന്ന ഡ്രോണ്‍. ഈ ഡ്രോണുകള്‍ക്ക് മടക്കയാത്രയില്ല. ദൗത്യം നിര്‍വ്വഹിക്കുന്നതോടെ ഇവയുടെ ജീവനും പൊലിയുന്നു.

 

By admin