• Tue. Dec 23rd, 2025

24×7 Live News

Apdin News

ചികിത്സാച്ചെലവ് എല്ലാവര്‍ക്കും താങ്ങാവുന്നതാകണം; ചന്ദ്രപൂരില്‍ കാന്‍സര്‍ ആശുപത്രി ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

Byadmin

Dec 23, 2025



ചന്ദ്രപൂര്‍(മഹാരാഷ്‌ട്ര): വിദ്യാഭ്യാസവും ആരോഗ്യവും മനുഷ്യന്റെ രണ്ട് അവശ്യ ആവശ്യങ്ങളാണെന്നും അവ എല്ലായിടത്തും എല്ലാവര്‍ക്കും ലഭ്യമാകണമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഈ സൗകര്യങ്ങള്‍ താങ്ങാവുന്നതും ആളുകള്‍ക്ക് പ്രാപ്യവുമായിരിക്കണം. ചന്ദ്രപൂരില്‍ ടാറ്റ ട്രസ്റ്റിന്റെ സഹകരണത്തോടെ ആരംഭിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ കാന്‍സര്‍ ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യക്തിയെ മാത്രമല്ല, അയാളുടെ കുടുംബത്തെയും നശിപ്പിക്കുന്ന ഒരു രോഗമാണ് കാന്‍സര്‍. ചികിത്സാച്ചെലവിനെക്കുറിച്ചുള്ള ആശങ്ക കുടുംബാംഗങ്ങളെ തളര്‍ത്തുകയും വിഷാദത്തിലാക്കുകയും ചെയ്യുന്നു. മാനസിക ആഘാതവും പ്രധാനമാണ്. ഇക്കാര്യത്തില്‍, സര്‍ക്കാരും ടാറ്റ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് സര്‍സംഘചാലക് പറഞ്ഞു.

രാജ്യത്ത് ഇത്തരത്തില്‍ 15 സ്ഥലങ്ങളിലെങ്കിലും ഇത്തരം ആശുപത്രികള്‍ സ്ഥാപിച്ചിട്ടുണ്ട്. നാഗ്പൂരില്‍ ഒരു വലിയ കാന്‍സര്‍ ആശുപത്രിയുമുണ്ട്. എങ്കിലും ചെലവ്, താമസസൗകര്യമില്ലായ്‌മ തുടങ്ങിയവ മൂലം പലരും ആശുപത്രികളിലേക്ക് എത്താന്‍ മടിക്കുന്നു. അത്തരക്കാര്‍ക്ക് ചികിത്സാകേന്ദ്രങ്ങളുടെ വികേന്ദ്രീകരണം ആശ്വാസകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചികിത്സയുടെ ഉത്തരവാദിത്തം പണ്ഡിറ്റ് ദീന്‍ദയാല്‍ കാന്‍സര്‍ ആശുപത്രി ഏറ്റെടുത്തിട്ടുണ്ടെങ്കിലും രോഗികള്‍ക്കും കുടുംബത്തിനും മനക്കരുത്ത് പകരുക എന്ന ഉത്തരവാദിത്തം സമൂഹത്തിനുണ്ടെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. ഈശ്വരന്‍ നല്കിയ ശരീരത്തെ സേവനത്തിനായി വിനിയോഗിക്കണം. അതിന് പണമല്ല, സമയമാണ് വേണ്ടത്. എല്ലാവരും സ്വന്തമാണെന്ന ബോധമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. കൈലാഷ് ശര്‍മ്മ, ഡോ. അജയ് ചന്ദന്‍വാലെ, പോലീസ് സൂപ്രണ്ട് സുദര്‍ശന്‍ മുമ്മക, ജില്ലാ മജിസ്‌ട്രേറ്റ് വിനയ് ഗൗഡ എന്നിവര്‍ സന്നിഹിതരായിരുന്നു.

By admin