
ഷൂട്ടിങ്ങിനിടെ നടി ശ്രദ്ധ കപൂറിന് പരിക്ക്. ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്യുന്ന ഈത്ത എന്ന ചിത്രത്തിന്റെ നൃത്തരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടിക്ക് പരിക്കേറ്റത്. നടിയുടെ ഇടതുകാലിലെ കാൽവിരലിന് പൊട്ടലേറ്റതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു.
മഹാരാഷ്‌ട്രയിലെ പരമ്പരാഗത നാടോടി നൃത്ത- സംഗീത രൂപമായ ലാവണി അവതരിപ്പിക്കുന്നതിനിടെയാണ് ശ്രദ്ധയ്‌ക്ക് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. വേഗത്തിലുള്ള താളവും നൃത്തച്ചുവടുകളുമാണ് ലാവണിയുടെ പ്രത്യേകത. ധോല്‍ക്കിയുടെ താളത്തിനൊത്ത് അതിവേഗത്തില്‍ തുടര്‍ച്ചയായി നൃത്തം ചെയ്യേണ്ട ഭാഗമായിരുന്നു ചിത്രീകരിച്ചിരുന്നത്.
നൗവാരി സാരിയും ഭാരമേറിയ ആഭരണങ്ങളും കമര്‍പട്ടയും ധരിച്ച താരം ബാലന്‍സ് തെറ്റി വീഴുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രീകരണം നിര്‍ത്തിവെക്കാമെന്ന് സംവിധായകന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ആദ്യം നടി വിയോജിച്ചു. ഷെഡ്യൂളില്‍ മാറ്റം വരുത്തി ക്ലോസപ്പ് രംഗങ്ങള്‍ ചിത്രീകരിക്കാമെന്ന നിര്‍ദേശം നടി മുന്നോട്ടുവെച്ചു.
തുടര്‍ന്ന് മുംബൈയിലെ മാഡ് ഐലന്‍ഡിലെ സെറ്റില്‍ ചിത്രീകരണം തുടര്‍ന്നു. ഇവിടെ ഏതാനും രംഗങ്ങള്‍ ഷൂട്ട് ചെയ്‌തെങ്കിലും അടുത്ത ദിവസങ്ങളില്‍ നടിക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനാല്‍ ഷൂട്ടിങ് പൂര്‍ണമായും നിര്‍ത്തിവെക്കുകയായിരുന്നു.
നടിയുടെ പരിക്ക് പൂര്‍ണ്ണമായും ഭേദമായാല്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍ ചിത്രീകരണം പുനരാരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നർത്തകിയും തമാഷ ആർട്ടിസ്റ്റും ഗായികയുമായ വിതഭായ് ഭൗ മംഗ് നാരായൺഗോങ്കറിന്റെ ബയോപിക്കായാണ് ഈത്ത ഒരുക്കുന്നത്. ചിത്രത്തിനായി 15 കിലോയോളം ശ്രദ്ധ ശരീരഭാരം കൂട്ടിയിരുന്നു.