
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശിയായ ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഷിംജിത മുസ്തഫ ബസിൽവെച്ച് ഏഴു വീഡിയോകൾ ചിത്രീകരിച്ചിരുന്നതായി പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്.
യുവാവിനെ ആത്മഹത്യചെയ്യാൻ പ്രേരിപ്പിക്കുന്നവിധത്തിൽ ഇത് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ദീപക്കിനെ ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ച പ്രതിക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. വീഡിയോ കണ്ട് മാനഹാനി നേരിട്ട് ദീപക്ക് ആത്മഹത്യ ചെയ്തേക്കാമെന്ന വ്യക്തമായ അറിവോടെയും ബോധത്തോടെയുമാണ് പ്രതി വീഡിയോ ചിത്രീകരിച്ചത്. ഇരുവരും സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധനക്ക് വിധേയമാക്കിയെങ്കിലും പ്രതിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കും വിധമുള്ള സാഹചര്യങ്ങളൊന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഷിംജിത ജാമ്യാപേക്ഷ സമർപ്പിച്ചു. അസിസ്റ്റന്റ് പ്രഫസറായ ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. എന്നിട്ടും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ നിയമാധികാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുളള വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജാമ്യം ലഭിച്ചാൽ പ്രതി വീണ്ടും ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടും. മറ്റുള്ള സ്ത്രീകളും ഇത്തരം പ്രവൃത്തികളിലേർപ്പെട്ട് കൂടുതൽ ആത്മഹത്യകളുണ്ടാകും. സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും പ്രതി കേസിന്റെ തുടർനടപടികൾക്ക് ഹാജരാകാതെ തടസ്സംസൃഷ്ടിക്കുമെന്നും അതിനാൽ റിമാൻഡിൽ പാർപ്പിക്കണമെന്നുമാണ് പോലീസിന്റെ റിപ്പോർട്ടിലുള്ളത്.
പത്ത് വർഷത്തിലധികം തടവ് ലഭിക്കാവുന്ന വിധത്തിലുളള വകുപ്പുകൾ ചേർത്താണ് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുള്ളത്. അതേസമയം ഷിംജിത പിടിയിലായ ശേഷം മാധ്യമങ്ങളുടെ ശ്രദ്ധതിരിക്കുന്നതിന് പോലീസ് നടത്തിയ നാടകം പോലീസിന് തന്നെ നാണക്കേട് ആയിട്ടുണ്ട്. അടുത്തകാലത്തായി പല കേസുകളിലും പ്രതികളെ പിടികൂടുന്നതിന് കാലതാമസം വരുത്തുന്നുവെന്ന രീതിയിൽ ഏറെ പഴി കേൾക്കുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു പ്രതിയെ പിടികൂടിയിട്ടും രഹസ്യമായി കോടതിയിൽ എത്തിക്കാൻ പോലീസ് നടത്തിയ ശ്രമം പോലീസുകാർക്കുള്ളിൽ തന്നെ അമർഷത്തിനും ഇടയാക്കിയിട്ടുണ്ടെന്നാണ് സൂചന.