• Sun. Dec 21st, 2025

24×7 Live News

Apdin News

ചിരിയുടെയും ചിന്തയുടെയും ചലച്ചിത്രകാരന്‍

Byadmin

Dec 21, 2025



നാലരപ്പതിറ്റാണ്ടിലേറെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, ഓരോ മലയാളിയുടെയും നന്മയിലേക്കെന്നപോലെ അവരുടെ കാപട്യത്തിലേക്കും അഹന്തയിലേക്കും കണ്ണാടി പിടിക്കുകയും ചെയ്ത പ്രതിഭാശാലി ജീവിതത്തിന്റെ തിരശീലയ്‌ക്കു പിന്നിലേക്ക് മറഞ്ഞിരിക്കുന്നു. മലയാളി ഒരിക്കലും മറക്കാത്ത തിരക്കഥാകൃത്തും സംവിധായകനും നടനുമാണ് ശ്രീനിവാസന്‍. ഒരേസമയം കലാമൂല്യമുള്ളതും സാമൂഹ്യ വിമര്‍ശനം നടത്തുന്നതുമായ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചയാള്‍. ഇരുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും നാടോടിക്കാറ്റും ടി.പി. ബാലഗോപാലന്‍ എം.എ.യും സന്ദേശവും വരവേല്‍പ്പും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവുമൊക്കെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന സിനിമകളാണ്. അഞ്ച് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിനുപുറമെ, ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അഭിനയിക്കുകയും ചെയ്ത ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. തപസ്യ കലാസാഹിത്യവേദി മാടമ്പ് പുരസ്‌കാരം നല്‍കി ശ്രീനിവാസനെ ആദരിക്കുകയുണ്ടായി.

കണ്ണൂരില്‍ തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ച ശ്രീനിവാസന് രാഷ്‌ട്രീയം പുസ്തകങ്ങളില്‍ നിന്ന് വായിച്ചു പഠിക്കേണ്ടിയിരുന്നില്ല. ശ്രീനിവാസന്‍ എന്ന സിനിമാക്കാരനെ വളര്‍ത്തിയെടുത്തത് മദ്രാസിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണെന്നു പറയാം. രജനികാന്ത് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പമുള്ള അവിടത്തെ പഠനം സിനിമയാണ് തന്റെ തട്ടകവും ജീവിതവുമെന്നും ഉറപ്പിച്ചു. മലയാള സിനിമയില്‍ വഴിത്തിരിവ് ഉണ്ടാക്കിയ സംവിധായകന്‍ പി.എ. ബക്കറിന്റെ മണിമുഴക്കം എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങുന്നത്. സിനിമാ മോഹങ്ങളുമായി മദ്രാസില്‍ കഴിയുമ്പോള്‍ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളില്‍ അക്കാലത്ത് പ്രസിദ്ധരായ സിനിമാക്കാര്‍ക്കു വേണ്ടി ശ്രീനിവാസന്‍ ലേഖനങ്ങള്‍ എഴുതുമായിരുന്നു.

ഒട്ടും യാന്ത്രികതയില്ലാതെ ജീവിതം തൊട്ടെടുക്കുന്ന തിരക്കഥകളിലേക്ക് ശ്രീനിവാസനെ എത്തിച്ചതില്‍ ഈ എഴുത്തിനും ഒരു പങ്കുണ്ട്. നടന്‍ എന്ന നിലയ്‌ക്ക് ചെറിയ വേഷങ്ങളിലായിരുന്നു ശ്രീനിവാസന്റെ തുടക്കം. തികച്ചും അപ്രസക്തമായ എല്ലാവരുടെയും പരിഹാസത്തിന് പാത്രമാകുന്ന കഥാപാത്രങ്ങള്‍. പക്ഷേ നടനില്‍ നിന്ന് തിരക്കഥാകൃത്തിലേക്കു മാറിയപ്പോള്‍ മലയാള സിനിമ ശ്രീനിവാസന്റെ പ്രതിഭ തിരിച്ചറിഞ്ഞു.

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, കമല്‍, ലാല്‍ജോസ് തുടങ്ങിയ സംവിധായകരുമായുള്ള കൂട്ടുകെട്ടുകള്‍ മികച്ച സിനിമകള്‍ പുറത്തുകൊണ്ടുവന്നു. അന്തിക്കാടുമൊത്ത് പതിനഞ്ചു സിനിമകള്‍ ചെയ്തു. എല്ലാം ഒന്നിനൊന്ന് മികച്ച സിനിമകള്‍. സന്മനസുള്ളവര്‍ക്ക് സമാധാനം, ടി.പി. ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്,
തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത, ചമ്പക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണന്‍, ഒരു മറവത്തൂര്‍ കനവ്, അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്പോള്‍ എന്നിങ്ങനെ കുടുംബ പ്രേക്ഷകരെ ഹഠാദാകര്‍ഷിച്ച എണ്ണം പറഞ്ഞ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയത് ശ്രീനിവാസനാണ്.

സിനിമയ്‌ക്കു പുറത്തും ശ്രീനിവാസന്‍ രാഷ്‌ട്രീയം പറഞ്ഞു. ഇക്കാര്യത്തില്‍ ആരെയെങ്കിലും പേടിക്കുകയോ, അംഗീകാരങ്ങള്‍ അകന്നു പോകുമെന്ന് ആശങ്കപ്പെടുകയോ ചെയ്തില്ല. തന്റെ സിനിമയിലേതുപോലെ നര്‍മ്മത്തില്‍ പൊതിഞ്ഞാണെങ്കിലും നിശിതമായ രാഷ്‌ട്രീയ വിമര്‍ശനമാണ് ശ്രീനിവാസന്‍ നടത്തിയത്. സന്ദേശം, വരവേല്‍പ്പ്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, അറബിക്കഥ എന്നീ സിനിമകള്‍ അതിശക്തമായാണ് രാഷ്‌ട്രീയം പറഞ്ഞത്. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി കേരളത്തെ കുറിച്ചുള്ള തന്റെ ലേഖനത്തില്‍ വരവേല്‍പ്പ് സിനിമയെ പരാമര്‍ശിച്ചത് ആരും മറന്നിട്ടുണ്ടാവില്ല.

സിനിമാ മേഖലയിലുള്ള മറ്റു പലരെയും പോലെ വിവാദങ്ങളിലും ഗോസിപ്പുകളിലും ശ്രീനിവാസന്‍ വന്നുവീണില്ല. സിനിമയിലെ തെറ്റായ പല പ്രവണതകളെക്കുറിച്ചും പറയുക മാത്രമല്ല അതിനെക്കുറിച്ച് സിനിമയെടുക്കുകയും ചെയ്തു. ഉദയനാണ് താരം എന്ന സിനിമയിലൂടെ മലയാളി കണ്ടത് സിനിമയ്‌ക്കുള്ളിലെ സിനിമയാണ്.

സിനിമയില്‍ സജീവമല്ലാതായപ്പോള്‍ മറ്റു പലരെയും പോലെ അതുവരെയുള്ള തന്റെ സംഭാവനകളില്‍ അഭിരമിച്ച് കഴിയുകയല്ല ശ്രീനിവാസന്‍ ചെയ്തത്. സ്വന്തമായി സ്ഥലം വാങ്ങി ജൈവകൃഷിയിലേക്ക് തിരിഞ്ഞു. കൃഷി ഇല്ലാതാവുന്നത് മലയാളിയുടെ വലിയൊരു ആശങ്കയാണ്. പക്ഷേ അത് വീണ്ടെടുക്കാന്‍ കാര്യമായി ഒന്നും ചെയ്യാറില്ല. രാഷ്‌ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും ഇക്കാര്യത്തില്‍ അധര വ്യായാമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെയും ഒരു തിരുത്താവാന്‍ ശ്രീനിവാസന് കഴിഞ്ഞു. സിനിമയിലും ജീവിതത്തിലും തന്റെ വേഷം ഔചിത്യത്തോടെ അവതരിപ്പിച്ചു മടങ്ങിപ്പോയ കലാകാരന് ആദരാഞ്ജലികള്‍.

By admin