• Thu. Oct 9th, 2025

24×7 Live News

Apdin News

ചീഫ് മാര്‍ഷലിനെ ആരും മര്‍ദ്ദിച്ചിട്ടില്ല, എംഎല്‍എമാരുടെ സസ്പെന്‍ഷന് പിന്നില്‍ സ്പീക്കറുടെ ഗൂഢാലോചന: സണ്ണി ജോസഫ്

Byadmin

Oct 9, 2025


നിയമസഭയില്‍ ചീഫ് മാര്‍ഷലിനെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നും പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്ക് പിന്നില്‍ സ്പീക്കറുടെ ഗൂഢാലോചനയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല. സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല. മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? ഒന്നുമില്ലെങ്കിലും മര്‍ദ്ദനമേറ്റ വ്യക്തി അസ്വസ്തതകള്‍ പ്രകടിപ്പിക്കില്ലെ? അതൊന്നും ഉണ്ടായില്ല. പകരം സഭ നിര്‍ത്തിവെച്ച് സ്പീക്കറുടെ ചേമ്പറില്‍ പോയി ഗൂഢാലോചന നടത്തിയ ശേഷമാണ് ചീഫ് മാര്‍ഷലിന് പരിക്കേറ്റകാര്യം പ്രഖ്യാപിക്കുന്നത്.സമാനരീതിയില്‍ നേരത്തെയും ഇത്തരം ആരോപണം ഉന്നയിച്ചിട്ടുണ്ട്. അന്ന് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പരിശോധനയില്‍ അത് കളവാണെന്ന് ബോധ്യപ്പെട്ടതാണ്. വിശ്വാസ സമൂഹം കോണ്‍ഗ്രസിനും യുഡിഎഫിനും ഒപ്പമാണ്. സര്‍ക്കാരും ഭരണകക്ഷിയും പ്രതിക്കൂട്ടിലാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ സ്പീക്കറെ കരുവാക്കിയുള്ള ഇത്തരം കളികള്‍ കോണ്‍ഗ്രസ് നിയമത്തിന്റെ മുന്നിലും ജനകീയ കോടതിയിലും ചോദ്യം ചെയ്ത് പരാജയപ്പെടുത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് സഭയില്‍ ന്യായമായ പ്രതിഷേധം നടത്തുന്നത് തടാന്‍ ഭരണപക്ഷം ശ്രമിച്ചു. മന്ത്രിമാര്‍ പ്രതിപക്ഷ അംഗങ്ങളെ കയ്യേറ്റം ചെയ്യുന്ന സാഹചര്യമായിരുന്നു. മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മുന്‍പ് ബജറ്റ് അവതരണ സമയത്ത് ധനമന്ത്രിയായിരുന്ന കെഎം മാണിയെ ആക്രമിച്ചവരാണ് ഭരണപക്ഷത്ത് ഇരിക്കുന്നത്. അന്ന് സഭ തല്ലിത്തകര്‍ക്കുകയും സ്പീക്കറെയും വാച്ച് ആന്റ് വാര്‍ഡിനെയും ആക്രമിച്ചവരാണ് ഇന്ന് പ്രതിപക്ഷത്തിനെതിരെ വ്യാജ ആരോപണത്തിന്റെ വാളോങ്ങുന്നത്. വി.ശിവന്‍കുട്ടി മുണ്ട് മാടിക്കെട്ടി സഭയുടെ മേശപ്പുറത്ത് നൃത്തമാടിയത് കേരളം കണ്ടതാണ്. സഭയുടെ അന്തസ്സിന് നിരക്കാത്ത ആ പ്രവര്‍ത്തി ജനാധിപത്യത്തിന് തീരാകളങ്കമാണ്. അതിനെതിരായ ക്രിമിനല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീംകോടതിയെ സമീപിച്ചിട്ടും ആ ആവശ്യം കോടതി നിരസിച്ചതാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷ്ടിച്ച പ്രതികളെ പിടിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്. എത്ര സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടന്നോ, അതെവിടെ പോയെന്നോ, പ്രതികള്‍ ആരെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ദേവസ്വം ബോര്‍ഡാണ് അതിന്റെ ഉത്തരവാദികളെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്. ഈ പ്രസ്താവനയിലൂടെ പ്രതിപക്ഷത്തിന്റെ ആക്ഷേപം ഭാഗികമായി മന്ത്രി സമ്മതിക്കുകയാണ്. ദൈവ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം മോഷണം പോയ സംഭവം. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിശ്വാസത്തേയും വ്രണപ്പെടുത്തുന്നതാണത്. ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും. അതിന്റെ തുടക്കമാണ് പത്തനംതിട്ടയില്‍ നടക്കുന്ന വിശ്വാസ സംഗമവും മണ്ഡലംതലത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ ജ്വാലകളും. ഇതിന് പുറമെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ നയിക്കുന്ന നാലു ജാഥകളുണ്ട്. ഈ ജാഥകള്‍ 18ന് പന്തളത്ത് സമാപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

By admin