കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പട്ടിക പലതവണ പുതുക്കിയിട്ടും അര്‍ഹര്‍ പുറത്ത്, അനര്‍ഹരായവര്‍ രാഷ്‌ട്രീയ പിന്തുണയില്‍ ലിസ്റ്റിനകത്തും. അര്‍ഹരായ 88 പേരാണ് ഇപ്പോഴും പുറത്തു നില്‍ക്കുന്നത്. എന്നാല്‍ അനര്‍ഹരായ 12 പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതായാണ് ഉയരുന്ന ആരോപണം.
റവന്യൂ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ഇടപെടലിലൂടെയാണ് അര്‍ഹതപ്പെട്ടവരെ പുറത്താക്കി അനര്‍ഹരെ ഉള്‍പ്പെടുത്തിയതെന്നാണ് ദുരന്തബാധിതരുടെ പരാതി. അട്ടമല, പടവെട്ടിക്കുന്ന്, മുണ്ടക്കൈ, റാട്ടപ്പാടി എന്നിവിടങ്ങളില്‍ നിന്നുള്ള ദുരന്തബാധിതരാണ് അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ടത്.
അട്ടമല 23, പടവെട്ടിക്കുന്ന് 23, മുണ്ടക്കൈ 16, റാട്ടപ്പാടി 26 ഇങ്ങനെ 88 പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇവരൊന്നും തന്നെ മറ്റ് ഭവന പദ്ധതികളിലും ഉള്‍പ്പെട്ടിട്ടില്ല. എത്രയും വേഗം ഇവരെക്കൂടി ഉള്‍പ്പെടുത്തി പുനരധിവാസ പദ്ധതി പുനക്രമീകരിക്കണമെന്നാണ് ആവശ്യം.
നടപടികള്‍ വൈകിയാല്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ദുരിതബാധിതര്‍ പറയുന്നു. ആദ്യഘട്ട പട്ടികയില്‍, നോ ഗോ സോണില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവരോ വാടകയ്‌ക്കോ പാടികളിലോ താമസിച്ചിരുന്നവരോ ആയ 242 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് വന്ന രണ്ട് പട്ടികകളിലായി 87, 73 കുടുംബങ്ങളെ കൂട്ടിച്ചേര്‍ത്ത് 409 പേരുടെ പട്ടികയും തയാറാക്കി.
തുടര്‍ന്നും പരാതികള്‍ ഉയര്‍ന്നതോടെയാണ് 49 പേരെ കൂടി ഉള്‍പ്പെടുത്തി പട്ടിക പുതുക്കിയത്. ഈ പട്ടികയില്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു പടവെട്ടിക്കുന്ന്, അട്ടമല, മുണ്ടക്കൈ, റാട്ടപ്പാടി പ്രദേശങ്ങളിലുള്ളവര്‍. അനര്‍ഹരായ 12 പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നാണ് നിലവില്‍ ഉയരുന്ന ആക്ഷേപം. ഒരു വീട്ടില്‍ താമസിച്ചിരുന്നവര്‍ക്ക് പല റേഷന്‍ കാര്‍ഡുകളുണ്ടായിരുന്നതിനാല്‍ രണ്ടും മൂന്നും വീടുകള്‍ക്ക് വരെ അര്‍ഹത നേടുന്ന സാഹചര്യമുണ്ടായി. വര്‍ഷങ്ങളായി പ്രദേശത്ത് താമസമില്ലാത്തവര്‍ പോലും ഗുണഭോക്തൃ പട്ടികയില്‍ ഇടം നേടി.
വീടിന് തറ കെട്ടിയവര്‍ക്ക് വീട് ലഭിച്ചപ്പോള്‍ വീട് പോയവര്‍ പട്ടികക്ക് പുറത്തായ സ്ഥിതിയായി. ഇതെല്ലാം രാഷ്‌ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് നേടിയെടുത്തതെന്നും ഇവര്‍ ആരോപക്കുന്നുണ്ട്.