
ന്യൂദൽഹി : ദേശീയ തലസ്ഥാനമായ ദൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ ബോംബ് സ്ഫോടനം തീവ്രവാദ ആക്രമണം തന്നെയെന്നാണ് വിലയിരുത്തൽ. തീവ്രവാദ ആക്രമണമാണെങ്കിൽ കാർ പൊട്ടിത്തെറിച്ച രീതിയിലൂടെ വ്യക്തമാകുന്നത് ഇത് ഒരു ചാവേർ ആക്രമണമാണന്നാണ്. കൂടാതെ സ്ഫോടനം നടന്ന കാറിൽ മൂന്ന് പേർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. കൂടാതെ 350 കിലോഗ്രാം ഉപയോഗിച്ചാൽ 100 മീറ്റർ വരെ ആഴത്തിൽ ആഘാതമുണ്ടാക്കാൻ സാധ്യതയുള്ള അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത്.
അതേ അടുത്തിടെ ചെങ്കോട്ടയ്‌ക്ക് സമീപം ഒരു പ്രധാന പരിപാടി നടക്കാനിരിക്കെയാണ് ഈ സ്ഫോടനം ഉണ്ടായത്. നവംബർ 25 ന് നടക്കാനിരിക്കുന്ന ഗുരു തേജ് ബഹാദൂർ ജിയുടെ ചെങ്കോട്ട രക്തസാക്ഷിത്വ ദിന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈ വേളയിൽ പ്രധാനമന്ത്രിയുടെ സന്ദർശനവും പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ സ്ഫോടനത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്തെന്നുള്ളത് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
ചെങ്കോട്ടയ്‌ക്ക് എതിർവശത്തുള്ള നേതാജി സുഭാഷ് മാർഗിൽ നിർത്തിയിട്ടിരുന്ന ഒരു ഐ-20 കാറിലാണ് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2,900 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു
സ്ഫോടനത്തിന് മണിക്കൂറുകൾക് മുൻപാണ് സുരക്ഷാ ഏജൻസികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീവ്രവാദവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിൽ നിന്നുള്ള ഡോ. മുസമ്മിൽ ഷക്കീലും ലഖ്‌നൗവിൽ നിന്നുള്ള ഡോ. ഷഹീനും ഇതിൽ ഉൾപ്പെടുന്നു. മുമ്പ് ആദിൽ അഹമ്മദ് എന്ന ഡോക്ടർ ഞായറാഴ്ച അറസ്റ്റിലായിരുന്നു.
അതേ സമയം ഫരീദാബാദിൽ നിന്ന് ഏകദേശം 2,900 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിൽ അൽ ഫലാഹ് മെഡിക്കൽ കോളേജിൽ പഠിപ്പിക്കുന്ന ഡോ. മുസമ്മിൽ നിന്ന് കണ്ടെടുത്ത 360 കിലോ അമോണിയം നൈട്രേറ്റ് ഉൾപ്പെടുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ധൗജ് ഗ്രാമത്തിലെ ഒരു വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. കൂടാതെ ഫത്തേപൂർ ടാഗയിലെ ഒരു ഇമാമിന്റെ വീട്ടിൽ നിന്നും 2550 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ തീവ്രവാദ മൊഡ്യൂളുകൾ പൊളിച്ചുമാറ്റാനുള്ള നടപടികളായിരുന്നു അന്വേഷണ സംഘം സ്വീകരിച്ച് വന്നത്.