• Mon. Nov 3rd, 2025

24×7 Live News

Apdin News

ചെന്നൈ എണൂര്‍ ബീച്ചില്‍ ദുരന്തം; ശ്രീലങ്കന്‍ അഭയാര്‍ഥിയും 17കാരിയുമടക്കം നാല് പേര്‍ കടലില്‍ മുങ്ങി മരിച്ചു

Byadmin

Nov 3, 2025


ചെന്നൈ: ചെന്നൈ എണൂര്‍ ബീച്ചില്‍ നടന്ന ദാരുണ സംഭവത്തില്‍ ശ്രീലങ്കന്‍ അഭയാര്‍ഥിയടക്കം നാല് പേര്‍ കടലില്‍ മുങ്ങിമരിച്ചു. മരിച്ചവര്‍: ദേവകി സെല്‍വം (30), ശാലിനി (17), ഗായത്രി (18), ഭവാനി (19).

തിരുവള്ളൂര്‍ ജില്ലയിലെ പേത്തിക്കുപ്പത്തുള്ള ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പിലെ അന്തേവാസിയാണ് ദേവകി സെല്‍വം. ഇവരില്‍ നാലുപേരും ഗുമ്മിടിപുണ്ടിയിലെ ഒരു സ്വകാര്യ ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിനികളായ ശാലിനിയും ഗായത്രിയും പാര്‍ട്ട് ടൈം ജോലിക്കാരും ദേവകിയും ഭവാനിയും ഫുള്‍ ടൈം ജോലിക്കാരുമായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് വിശ്രമസമയം ചെലവഴിക്കാനായി ഇവര്‍ എണൂര്‍ ബീച്ചിലെ മേട്ടുകുപ്പം ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോയതാണ് ദുരന്തത്തിന് കാരണമായത്. വെള്ളത്തില്‍ കളിക്കുന്നതിനിടെ ശക്തമായ തിരമാലയില്‍ ശാലിനി ഒഴുകിപ്പോയി. അവളെ രക്ഷിക്കാനായുള്ള ശ്രമത്തിനിടെ ദേവകിയും ഗായത്രിയും ഭവാനിയും കൂടി തിരയില്‍പെട്ട് കാണാതായി.

ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് നാലുപേരുടെയും മൃതദേഹം കണ്ടെടുത്തത്. പൊലീസ്, തീരസംരക്ഷാസേന എന്നിവരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനായി സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

”ഈ ഭാഗത്ത് കടലില്‍ ഇറങ്ങുന്നത് അപകടകരമാണെന്ന് ഞങ്ങള്‍ പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഇവര്‍ ഒറ്റപ്പെട്ട ഭാഗത്തേക്ക് പോയതിനാല്‍ ആരും ശ്രദ്ധിച്ചില്ല. പാറക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍,” പെരിയകുപ്പത്തെ മത്സ്യത്തൊഴിലാളിയായ മാരിമുത്തു വ്യക്തമാക്കി.

പോലീസ് സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

 

By admin