
ചെന്നൈ: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രണ്ട് ജില്ലകളിലും ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചെന്നൈ, തിരുവള്ളൂര്‍ ചെങ്കല്‍പ്പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.
തിങ്കളാഴ്ച രാവിലെ മുതല്‍ ചെന്നൈയില്‍ അപ്രതീക്ഷിതമായി എട്ട് മണിക്കൂറോളം മഴ നിര്‍ത്താതെ പെയ്തതോടെ നഗരം വെള്ളത്തില്‍ മുങ്ങി. ജനം പൊറുതിമുട്ടി.
ദിത്വാഹ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്നു തമിഴനാട്ടില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ചൊവ്വാഴ്ച നാല് ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്. ചെന്നൈയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബോട്ടുകള്‍ സജ്ജമാക്കി.
തിങ്കളാഴ്ച ചെന്നൈയ്‌ക്ക് പുറമേ തിരുവള്ളൂര്‍, കാഞ്ചീപുരം, കടലൂര്‍, റാണിപ്പേട്ട് പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. 24 മണിക്കൂറില്‍ മഴയുടെ തീവ്രത കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.