• Tue. May 5th, 2026

24×7 Live News

Apdin News

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Byadmin

May 5, 2026



ആലപ്പുഴ: പുന്നപ്ര സമരഭൂമി ഉള്‍ക്കൊള്ളുന്ന അമ്പലപ്പുഴയില്‍ സിപിഎം തോറ്റു, ജി. സുധാകരന്‍ വിജയിച്ചു. സിപിഎം എല്ലാ ആയൂധങ്ങളും വിഭവശേഷിയും ഉപയോഗിച്ച് കളത്തിലിറങ്ങിയിട്ടും മുതിര്‍ന്ന നേതാവായിരുന്ന സുധാകരനെ കുലുക്കാനായില്ല.

സിപിഎമ്മിനെ അടക്കിഭരിക്കുന്ന പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തിപരമായ പരാജയം കൂടിയാണിത്. പാര്‍ട്ടിയില്‍ പിടിമുറുക്കിയ പിണറായിസത്തിനും, പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കും എതിരെയാണ് തന്റെ പോരാട്ടമെന്ന പ്രഖ്യാപിച്ചാണ് സുധാകരന്‍ പാര്‍ട്ടിയുടെ പടിയിറങ്ങിയത്. അഴിമതിക്കെതിരായ പോരാട്ടമാണ് തന്റേതെന്നും അദ്ദേഹം നേരത്തെ പ്രഖ്യാപി
ച്ചിരുന്നു. പത്രസമ്മേളനത്തില്‍ എം. വി. ഗോവിന്ദന്‍ സുധാകരനെ അധിക്ഷേപിച്ച് ചിരിച്ചതും ചര്‍ച്ചയായിരുന്നു. സുധാകരന്‍ പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ജനകീയ സ്വതന്ത്രനായി മത്സരിച്ച സുധാകരനെ യുഡിഎഫ് പിന്തുണയ്‌ക്കുകയായിരുന്നു. സിപിഎമ്മുകാരുടെ ഉള്‍പ്പടെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ സുധാകരന് ലഭിച്ചു എന്നത് വോട്ട് നില വ്യക്തമാക്കുന്നു. കാല്‍ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. സുധാകരന്റെ ഒറ്റയാള്‍ പോരാട്ടമാണ് ആലപ്പുഴ ജില്ലയില്‍ പല മണ്ഡലങ്ങളിലും സിപിഎമ്മിന്റെ പരാജയത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്.

പാര്‍ട്ടിയിലെ സര്‍വശക്തനായ പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനായി നിന്ന് മറുപക്ഷത്തെ നേതാക്കളെ ഒരുകാലത്ത് വെട്ടിനിരത്തിയ നേതാവായിരുന്നു സുധാകരന്‍. ആലപ്പുഴ ജില്ലയിലടക്കം പിണറായിയുടെ അനിഷ്ടത്തിന് ഇരയായ നേതാക്കളെ ഒതുക്കുന്നതിന് മുന്നില്‍ നിന്നതും സുധാകരനായിരുന്നു. മന്ത്രി എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും സുധാകരന്റെ ജനപിന്തുണയാണ് പാര്‍ട്ടിയെ മറികടക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്.

ഏട്ടുതവണ നിയമസഭയിലേക്കു മത്സരിച്ച അദ്ദേഹത്തിന്റെ അഞ്ചാമത്തെ വിജയമാണിത്. ചെറ്റത്തരം പരാമര്‍ശം ഉള്‍പ്പടെ രൂക്ഷമായ വിമര്‍ശനമാണ് പിണറായി വിജയന്‍ സുധാകരന് നേരെ നടത്തിയത്. ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം കൊളളുന്നുവെന്നായിരുന്നു സുധാകരന്റെ പ്രതികരണം. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്. ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തതെന്നും ജി. സുധാകരന്‍ പ്രതികരിച്ചു.വര്‍ഗ വഞ്ചകന്‍ എന്ന് ആക്ഷേപിച്ചാണ് സുധാകരനെ പാര്‍ട്ടി നേരിട്ടത്. യഥാര്‍ത്ഥ വര്‍ഗ വഞ്ചകര്‍ ആരാണെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വ്യക്തമാകുമെന്നായിരുന്നു സുധാകരന്റെ മറുപടി. അമ്പലപ്പുഴയില്‍ സുധാകരന്റെ തുടര്‍ച്ചയായ നാലാമത്തെ വിജയമാണിത്.

 

By admin