
ഗോവ: ഗോവയില്‍ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പില്‍ ആദ്യറൗണ്ടിലെ തോല്‍വിയോടെ പുറത്തായി ദിവ്യ ദേശ്മുഖ്. ആദ്യ റൗണ്ടുകള്‍ നോക്കൗട്ട് രീതിയിലായതിനാലാണ് ദിവ്യ തോല്‍വിയോടെ പുറത്താകേണ്ടിവന്നത്. ഈ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്ന ഏക വനിതാ താരമായിരുന്നു ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്.
ഗ്രീക്ക് ഗ്രാന്‍റ് മാസ്റ്റര്‍ സ്റ്റമാറ്റിസ് കൂര്‍ക്കുലോസ് അര്‍ഡിറ്റിസുമായി തുടര്‍ച്ചയായി രണ്ട് ഗെയിമുകളില്‍ തോറ്റതോടെയാണ് ദിവ്യ പുറത്തായത്. ദിവ്യയേക്കാള്‍ 80 റേറ്റിംഗ് പോയിന്‍റ് അധികമുള്ള താരമാണ് സ്റ്റമാറ്റിസ്. 206 താരങ്ങള്‍ പങ്കെടുക്കുന്നതിനാലാണ് ആദ്യ റൗണ്ടുകളില്‍ തോല്‍ക്കുന്നവരെ ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറന്തള്ളുന്ന നോക്കൗട്ട് രീതി ഈ ടൂര്‍ണ്ണമെന്‍റില്‍ പിന്തുടരുന്നത്.
23 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തുന്ന ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളായ ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, നിഹാല്‍ സരിന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ലോകതാരങ്ങളായ വിന്‍സെന്‍റ് കെയ്‌മര്‍, വെസ്ലി സോ, ലെവോണ്‍ ആരോണിയന്‍, അനീഷ് ഗിരി എന്നിവരും മാറ്റുരയ്‌ക്കുന്നു. ഇതിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ലോക ചാമ്പ്യനെ നേരിടാനുള്ള കളിക്കാരനെ തെരഞ്ഞെടുക്കാനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാനാകും.