ചേന്ദമംഗലം: ഒരു കുടുംബത്തിലെ മൂന്നു പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മില്‍ കൊലപാതകത്തിനു തൊട്ടു മുന്‍പ് തര്‍ക്കം നടന്നിരുന്നുവെന്നാണു വിവരം. വീട്ടില്‍ വളര്‍ത്തിയിരുന്ന നായയെ ചൊല്ലിയായിരുന്നു തര്‍ക്കം. വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞ് ഋതു ഇവരുടെ വീട്ടിലെത്തുകയും ഇവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്നാണ് പ്രതി അരുംകൊല ചെയ്തത്. കയ്യില്‍ കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകന്‍ ജിതിന്‍, മകള്‍ വിനീഷ എന്നിവരെ ഋതു തലയ്ക്കടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. ജിതിന്‍ ഒഴികെ മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. വീട്ടിലുണ്ടായിരുന്ന ജിതിന്റെ കുട്ടികളെ ഇയാള്‍ ഉപദ്രവിച്ചില്ല.
കൊലപാതകം നടന്ന ശേഷം ജിതിന്റെ സ്‌കൂട്ടറിലാണു ഋതു സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് ഋതുവിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇയാളെ വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി എത്തിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട വേണു, ഉഷ, വിനീഷ എന്നിവരുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജിതിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതി ഋതു കൃത്ത്യം നടത്തുന്ന സമയത്ത് ലഹരി ഉപയോഗിച്ചിട്ടുണ്ടായിരുന്നെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ ഉടന്‍ തന്നെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കും.