വേങ്ങര: മനുഷ്യ മനസുകളില്‍ മാനവികതയുടെ സൗന്ദര്യം സന്നിവേശിപ്പിച്ച് കര്‍മനിരതരായിരുന്നു പാണക്കാട് സയ്യിദുമാരെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ചേറൂരില്‍ നടന്ന പാണക്കാട് സാദാത്ത് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. കേരളത്തിലെ പല സാഹചര്യങ്ങളിലും പാണക്കാട് തങ്ങന്മാരുടെ ധൈഷണിക ഇടപെടലും നിലപാടും ഏറെ ശ്രദ്ദേയമായിരുന്നു. കേരളം ഓണം ആഘോഷിക്കുന്ന വേളയില്‍ മാനവ സ്‌നേഹത്തിന്റെ പ്രതീകമായ പ്രവാചകന്റെ ജന്മദിന സന്തോഷവും കടന്ന് വന്നത് മലയാളികളുടെ സൗഭാഗ്യമാണെന്നും കൂട്ടിച്ചേര്‍ത്ത മന്ത്രി നബിദിനാശംസകളും നേര്‍ന്നു.
കേരളീയ സമൂഹത്തിന്റെ നാനോന്മുഖ പുരോഗതിക്ക് നിദാനം പാണക്കാട് കുടുംബമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ചേറൂര്‍ യതീംഖാനയില്‍ സംഘടിപ്പിച്ച പാണക്കാട് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വളര്‍ന്ന് പന്തലിച്ച വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും കാരുണ്യ പ്രവര്‍ത്തന കേന്ദ്രങ്ങളും അതിനുദാഹരണം മാത്രമാണ്. അവര്‍ക്ക് പിന്തുണയും സഹകരണവും അര്‍പ്പിച്ച് നമ്മുടെ നാടിനെ ഉദാത്തമായ സംവിധാനം ആക്കി മാറ്റാന്‍ നാം ഓരോരുത്തരും നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൂര്‍വിക പാത പിന്തുടര്‍ന്ന് ദൗത്യനിര്‍വഹണം നടത്താന്‍ നാം തയാറാവണമെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിയും മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ചേറൂര്‍ പി.പി.ടി.എം യതീംഖാന കാമ്പസില്‍ നടന്ന പാണക്കാട് സാദാത്ത് അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിതാമഹാന്മാരുടെ വിശുദ്ധ മാര്‍ഗം ജീവിതത്തില്‍ പകര്‍ത്തിയാല്‍ ഇനിയും സമൂഹത്തിന് ധാരാളം നേട്ടങ്ങള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കുമെന്നും അതിനുള്ള പരിശ്രമം തുടരുമെന്നും തങ്ങള്‍ പറഞ്ഞു.