പാലക്കാട്: പാലക്കാട് നഗരത്തിലെ ജിന്നാ സ്ട്രീറ്റിന്റെ പേരുമാറ്റാൻ ആവശ്യപ്പെട്ട് ബിജെപി. നഗരസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബിജെപി കൗൺസിലർ ശശികുമാറാണ് ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയത്. പാകിസ്താൻ അടയാളങ്ങൾ പാലക്കാട് വേണ്ടെന്നും ജിന്നാ സ്ട്രീറ്റ് എന്ന പേരുമാറ്റി ചേറ്റൂർ ശങ്കരൻ നായർ റോഡ് എന്നാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഹെഡ്ഗേവാർ വിഷയത്തിൽ നഗരസഭ യോഗത്തിൽ പ്രതിഷേധം ഉയരാനുള്ള സാധ്യത പരിഗണിച്ച് കൂടുതൽ പോലീസിനെ വിന്യസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജിന്ന സ്ട്രീറ്റ് വിഷയം ഉയർന്നത്.
സ്പെഷ്യൽ സ്കൂളിന് ആർഎസ്എസ് സ്ഥാപകനായ ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനത്തിൽ യുഡിഎഫ് സിപിഎം കൗൺസിലർമാർ പ്രതിഷേധം അറിയിച്ചിരുന്നു. വിഷയം വിവാദങ്ങളിലേക്കും നീങ്ങി. എന്നാൽ സ്പെഷ്യൽ സ്കൂളിന് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനത്തിൽ നഗരസഭ ഉറച്ചു നിന്നു. ജിന്നയുടെ പേര് പാലക്കാട് നിന്നും നീക്കുമെന്ന് മുതിർന്ന കൗൺസിലർ ശിവരാജനും വ്യക്തമാക്കി.
അടുത്ത കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്തു നടപടികളിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കൗൺസിലർ ശശികുമാർ പറഞ്ഞു.