• Thu. Mar 13th, 2025

24×7 Live News

Apdin News

ചൈനയല്ല ഭാരതമായിരുന്നു ലോകത്തിന്‍റെ വ്യാപാരകേന്ദ്രം; സില്‍ക്ക് റൂുട്ടിനേക്കാള്‍ വിപുലം ഭാരതത്തിന്‍റെ സുവര്‍ണ്ണവ്യാപാരപാത: വില്യം ഡാള്‍റിംപിൾ

Byadmin

Mar 12, 2025


ചൈനയേക്കാള്‍ എത്രയോ വിപുലമായ വ്യാപാരകേന്ദ്രമായിരുന്നു ഭാരതത്തിന്‍റേതെന്ന് ആധികാരിക ചരിത്രരേഖകള്‍ കൂട്ടിയിണക്കി രചിച്ച തന്റെ പുതിയ പുസ്തകത്തില്‍ വില്യം ഡാള്‍റിംപിള്‍ എന്ന ചരിത്രകാരന്റെ വെളിപ്പെടുത്തല്‍. പുരാതനകാലത്ത് ഭാരതമായിരുന്നു ലോകത്തിന്റെ വ്യാപാരകേന്ദ്രം എന്നും അദ്ദേഹം തെളിവുകള്‍ നിരത്തി വിവരിക്കുന്നു. ചൈനയുടെ സില്‍ക്ക് റൂട്ട് ആണ് പുഷ്കലമായ വ്യാപാരപാതയായി വിശേഷിപ്പിക്കപ്പെട്ടിരുന്നതെങ്കിലും അതിനേക്കാള്‍ വിപുലമായ വ്യാപാരം ഭാരതത്തില്‍ നടന്നിരുന്നുവെന്നും ചൈനയേക്കാള്‍ കൂടുതല്‍ രാജ്യങ്ങളുമായി ഭാരതത്തിന് വ്യാപാരബന്ധം പുരാതനകാലത്ത് ഉണ്ടായിരുന്നെന്നും വില്യം ഡാള്‍റിംപിള്‍.

വില്യം ഡാള്‍റിംപിളിന്റെ പുസ്തകത്തിന്റെ പുറംചട്ട:

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചരിത്രപുസ്തകമായ ദി ഗോള്‍ഡന്‍ റോഡ് : ഹൗ ഇന്ത്യ ട്രാന്‍സ്പോമ്ഡ് ദി വേള്‍ഡ് (The Golden Road: How Indian Transformed the World) എന്ന പുസ്തകത്തിലേതാണ് ഈ കണ്ടെത്തല്‍. ബ്രിട്ടീഷ് സ്കോട് ലാന്‍റ് ചരിത്രകാരനായ വില്യം ഡാള്‍റിംപില്‍ വര്‍ഷത്തില്‍ നല്ലൊരു സമയം ചെലവഴിക്കുന്നത് ഇന്ത്യയിലാണ്. 250 ബിസി മുതല്‍ 1200 എഡി വരെയുള്ള കാലഘട്ടമാണ് ഭാരതത്തിന്റെ സുവര്‍ണ്ണകാലമായി വില്യം ഡാള്‍റിംപിള്‍ ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നത്.

പൊതുവേ ചൈനക്കാര്‍ വ്യാപാരത്തിന്റെ പേരില്‍ ഏറെ അഹങ്കരിക്കുന്ന വ്യാപാര പാതയാണ് സില്‍ക്ക് റൂട്ട് എന്നത്. എന്നാല്‍ അതിനേക്കാള്‍ എത്രയോ മുന്‍പിലായിരുന്നു ഭാരതത്തിന്റെ സുവര്‍ണ്ണപാത എന്നും വില്യം ഡാള്‍റിംപിള്‍ ഈ പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നു.

യൂറോപ്പിലെ വ്യവസായ വിപ്ലവത്തിന് മുമ്പ് ലോകത്തിന്റെ വ്യാപാരം നിയന്ത്രിച്ചിരുന്നത് ചൈനയുടെ സില്‍ക്ക് റൂട്ടാണെന്ന ധാരണ തിരുത്തുകയാണ് ഈ പുസ്തകം. പുരാതന കാലത്ത് ചൈനയല്ല, ഭാരതമായിരുന്നു ലോകത്തിന്റെ വ്യാപാര കേന്ദ്രമെന്നാണ് അദ്ദേഹത്തിന്റെ വാദം.

ചൈനയ്‌ക്ക് റോമുമായി പുരാതനകാലത്ത് വ്യാപാരബന്ധം ഇല്ലെന്നിരിക്കെ, ഇന്ത്യ റോമുമായി സജീവമായി വ്യാപാരം നടത്തിയതിന് തെളിവുകളുണ്ട്. ഓരോവര്‍ഷവും റോമില്‍ നിന്ന് നൂറുകണക്കിന് കപ്പലുകൾ ഭാരതതീരം ലക്ഷ്യമാക്കി വ്യാപാരത്തിനായി നീങ്ങിയിരുന്നെന്നും അദ്ദേഹം തെളിവ് നിരത്തി പറയുന്നു. പുരാതന റോമന്‍ എഴുത്തുകാര്‍ ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെ കുറിച്ചും ഭാരതീയവസ്തുക്കളെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. റോമില്‍ നിന്നും വ്യാപാരത്തിനായി ഭാരതത്തിലേക്ക് 250 കപ്പലുകൾ ഒരു വര്‍ഷം പോയതിന്റെ രേഖകളുണ്ട്. ഇന്ത്യന്‍ – അറേബ്യന്‍ കടലിന് മുകളില്‍ ആറ് മാസം ഒരു വശത്തേക്കും ആറ് മാസം മറുവശത്തേക്കും വീശിയിരുന്ന മണ്‍സൂണ്‍ കാറ്റ് കപ്പലുകളെയും സമുദ്ര പാതകളെയും ഏറെ സഹായിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുരാതന കാലത്ത് തന്നെ കിഴക്കും പടിഞ്ഞാറും നിരവധി തുറമുഖങ്ങളുണ്ടായിരുന്ന ഭാരത ഉപഭൂഖണ്ഡം ഒരേസമയം ചൈനയുമായും യൂറോപ്പുമായും വ്യാപാരം നടത്തിയിരുന്നുവെന്നും ഇതിനാല്‍  ഭാരതമാണ് അക്കാലത്ത് ലോകത്തിന്റെ വ്യാപാര കേന്ദ്രമായിരുന്നതെന്നും വില്യം ഡാള്‍റിംപിള്‍ സ്ഥാപിക്കുന്നു.

ഭാരതവുമായി ബന്ധം സ്ഥാപിക്കാതെ തന്നെ ചൈനയില്‍ നിന്നും നേരിട്ട് മംഗോളിയ വഴി മിഡില്‍ ഈസ്റ്റിലൂടെ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും നീണ്ട കിടന്ന പാതയായിരുന്നു ചൈനയും മറ്റും കൊട്ടിഘോഷിച്ചിരുന്ന സില്‍ക്ക് റൂട്ട്. എന്നാല്‍ സീല്‍ക്ക് റൂട്ടിനെക്കാൾ അന്നും കടല്‍ വഴിയാണ് പ്രധാന വ്യാപാരം നടന്നതെന്ന് വില്യം വാദിക്കുന്നു. അതായിരുന്നു ഭാരതത്തിന്റെ മേല്‍ക്കോയ്മയ്‌ക്ക് കാരണമെന്നും അദ്ദേഹം പറയുന്നു.

ചൈനയില്‍ നിന്നും യൂറോപ്പിലേക്കോ റോമിലേക്കോ പോയ വ്യാപര – നയതന്ത്ര ദൗത്യത്തിന്റെ ഒരു തെളിവ് പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. സില്‍ക്ക് റൂട്ടില്‍ നിന്നും റോമന്‍ നാണയങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ റോമന്‍ സ്വർണ്ണത്തിന്റെ സാന്നിധ്യം ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.



By admin