ന്യൂദല്‍ഹി: കോക്രോച്ച് ജനതാപാര്‍ട്ടി സമരം ആറിത്തണുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെ അതിനെ ആളിക്കത്തിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി എത്തി. ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നിരാഹാരസമരം നടത്തിവരുന്ന സോനം വാങ് ചുക്കിനെ കണ്ടാണ് എം.എ. ബേബിയും ബ്രിന്ദ കാരാട്ടും സമരത്തിന് പിന്തുണ അറിയിച്ചത്.
ഞായറാഴ്ചയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സോനം വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഈ ആവശ്യത്തോടെ പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് എം.എ. ബേബി അറിയിച്ചു.
ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ എന്ന പരിഹാസം ഉയരുന്നത്. കഴിഞ്ഞ മാസം കൂലിക്കൂടുതല്‍ ആവശ്യപ്പെട്ട് ഗുര്‍ഗാവോണിലെ ഫാക്ടറികളില്‍ നടന്ന സമരത്തെ സിപിഎം പിന്തുണച്ചിരുന്നു.ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനരംഗത്തെ കുതിപ്പിനെ തകര്‍ക്കാനുള്ള ചൈനീസ് ഗൂഢാലോചനയുടെ ഭാഗമാണ് ഈ സമരമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
അതിന് ശേഷമാണ് വീണ്ടും എം.എ. ബേബി ദല്‍ഹിയില്‍ നടക്കുന്ന മറ്റൊരു സമരത്തിന് പിന്തുണയുമായി എത്തുന്നത്. കുറ്റമറ്റ രീതിയില്‍ നീറ്റ് പുനപരീക്ഷ നടത്തിയതിന് ശേഷം പൊതുവേ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ പരാതി ഇല്ലാതായതോടെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് വിദ്യാര്‍ത്ഥി പിന്തുണ പ്രതീക്ഷിച്ച വിധം ലഭിച്ചില്ല. പല രീതിയില്‍ സമരം ആളിക്കത്തിക്കാന്‍ ശ്രമിച്ചിട്ടും അത് നടന്നില്ല. ഈ സന്ദര്‍ഭത്തിലാണ് സിപിഎം ഐക്യദാര്‍ഢ്യവുമായി എത്തിയിരിക്കുന്നത്.