• Mon. Sep 1st, 2025

24×7 Live News

Apdin News

ചൈനയില്‍ മോദിക്ക് ലഭിച്ചത് ഇന്ത്യയിലെ ഒരു പ്രധാമന്ത്രിക്കും ഇതുവരെ കിട്ടാത്ത ഊഷ്മള റെഡ് കാര്‍പറ്റ് സ്വീകരണം

Byadmin

Sep 1, 2025



ന്യൂദല്‍ഹി: ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയ്‌ക്കും ഇതുവരെ കിട്ടാത്ത ഊഷ്മള സ്വീകരണമാണ് ഇക്കുറി പ്രധാനമന്ത്രി മോദിക്ക് ലഭിച്ചിരിക്കുന്നത്. തുടക്കത്തില്‍ ടിന്‍ജിയനില്‍ ചെന്നിറങ്ങുമ്പോള്‍ നല്‍കിയ റെഡ് കാര്‍പറ്റ് സ്വീകരണം മാത്രമല്ല, ഉടനീളം ഭാരതീയ സംസ്കാരത്തെ വാഴത്തുന്ന പരിപാടികള്‍ അവതരിപ്പിച്ചും എങ്ങിനെയെല്ലാം മോദിയെ സന്തോഷിപ്പിക്കാമോ അത്രയും ചെയ്യാന്‍ ചൈനയും ഷീ ജിന്‍പിങ്ങും ഇക്കുറി തയ്യാറായി. എവിടെത്തിരിഞ്ഞാലും വന്ദേമാതരം എന്നത് പോലെയായിരുന്നു കാര്യങ്ങള്‍. ചൈനയിലെ ഇന്ത്യക്കാര്‍ മാത്രമല്ല, ചൈനീസ് പെണ്‍കുട്ടികള്‍ ഇന്ത്യന്‍ വാദ്യോപകരണങ്ങളായ തബല, സന്തൂര്‍, സിത്താര്‍ എന്നിവ ഉപയോഗിച്ച് തീര്‍ത്ത വന്ദേമാതരം കേട്ട് മോദിയുടെ മനസ്സ് അലിഞ്ഞുപോയി. അത്രയ്‌ക്ക് മധുരോദാരമായിരുന്നു ആ ഗാനം. ഇതെല്ലാം മോദിയെ സന്തോഷിപ്പിക്കുക എന്നതിന് ചൈന നല്‍കിയ അമിതമായ പ്രാധാന്യം അല്ലാതെ മറ്റെന്താണ്.

അതിര്‍ത്തിതര്‍ക്കവും ഈയിടെ നടന്ന ഓപ്പറേഷന്‍ സിന്ദൂറും എല്ലാം പിന്തള്ളി പുതിയൊരു ഊഷ്മള ബന്ധം ഉണ്ടാക്കാന്‍ തന്നെയാണ് ചൈനയുടെ ശ്രമമെന്നാണ് കരുതപ്പെടുന്നത്. ടിയാന്‍ജിനില്‍ മോദിയും ഷീ ജിന്‍പിങ്ങും തമ്മില്‍ ഒരു കൂടിക്കാഴ്ച ഞായറാഴ്ച രാവിലെ നടന്നു. അതിന് പിന്നാലെ എസ് സിഒ സമ്മേളനത്തിലേക്ക് മോദിയെ ക്ഷണിച്ചതും ഷീ ജിന്‍പിങ്ങ് തന്നെ.

പരസ്പരബഹുമാനത്തില്‍ അധിഷ്ഠിതമായിരിക്കണം നമ്മുടെ ബന്ധം എന്നാണ് മോദി ഇവിടെ ഊന്നിപ്പറഞ്ഞത്. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും നല്‍കാത്ത ആ തുല്യത ഇവിടെ ലഭിക്കണം എന്ന സൂചന തന്നെയാണ് മോദി നല്‍കിയത്. ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കണം എന്നാണ് ആവശ്യമാണ് മോദി ആദ്യം ഉയര്‍ത്തിയത്. മാത്രമല്ല, ഭാവിയിലും അതിര്‍ത്തിയില്‍ പ്രശ്നമുണ്ടായേക്കാം, അപ്പോള്‍ അത് സൈനിക ഏറ്റുമുട്ടലിലൂടെയല്ല, രാഷ്‌ട്രീയമായി പരിഹരിക്കണം എന്നും മോദി സൂചിപ്പിച്ചു. ഇതെല്ലാം ഷീ ജിന്‍പിങ്ങ് തലയാട്ടി സമ്മതിച്ചു എന്ന് മാത്രമല്ല, ഇതിനായി ഒരു ടീമിനെ തന്നെ അദ്ദേഹം രൂപീകരിച്ചിരിക്കുകയാണ്.

അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദം ഇല്ലാതാക്കാന്‍ തയ്യാറാവണമെന്ന മോദിയുടെ രണ്ടാമത്തെ ആവശ്യവും തത്വത്തില്‍ ചൈന സമ്മതിച്ചിട്ടുണ്ട്. പാകിസ്ഥാനും കൂടി പങ്കെടുക്കുന്ന സമ്മേളനമായതിനാല്‍ പഹല്‍ഗാം എന്ന വാക്ക് ഇന്ത്യ മനപൂര്‍വ്വം ഒഴിവാക്കി. മോദിയുടെ മൂന്നാമത്തെ ആവശ്യം ഇന്ത്യ-ചൈന വ്യാപാരത്തില്‍ നിലനില്‍ക്കുന്ന 100 മില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി പരിഹരിക്കാമെന്നതായിരുന്നു. ഇതും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും അതിനുള്ള നടപടികള്‍ എടുക്കാമെന്നും ഷീ ജിന്‍ പിങ്ങ് പറഞ്ഞിരിക്കുന്നു. അതായത് മോദി എന്തൊക്കെ ആവശ്യപ്പെട്ടോ അതിനെല്ലാം അനുകൂലമായ നിലപാടാണ് ഷീ ജിന്‍പിങ്ങ് എടുത്തത് എന്നത് ചൈനയ്‌ക്ക് ഇന്ത്യയെ അത്യാവശ്യമാണെന്ന സൂചനയാണ് നല്‍കുന്നത്. ഒരു പക്ഷെ അമേരിക്കയെ നേരിടാന്‍ ഇന്ത്യയുടെ സഹായം അത്യന്താപേക്ഷിതമാണെന്ന് ചൈന കരുതുന്നു.

ഇന്നത്തെ ഇന്ത്യ ഒരു നിസ്സാരശക്തിയല്ല എന്ന് ഷീ ജിന്‍പിങ്ങിനറിയാം. അതുകൊണ്ടാകാം ചൈനയില്‍ ഷീ ജിന്‍ പിങ്ങിന് ശേഷം ഉയര്‍ന്നുവരാന്‍ പോകുന്ന നേതാവായ ഗാങ്ങ്ചിയുമായി നരേന്ദ്രമോദിയെ ചര്‍ച്ച ചെയ്യാന്‍ പോലും ഷീ ജിന്‍പിങ്ങ് അനുവദിച്ചത്. ഇത് വളരെ അതിശയത്തോടെയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. ഇന്ത്യയുടെയും ചൈനയുടെയും അമേരിക്കയുമായുള്ള തീരുവ പ്രശ്നങ്ങളില്‍ ബ്രിക്സ് രാജ്യങ്ങളും എസ് സിഒ രാജ്യങ്ങളും നിലപാടെടുക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ആരുടെയും തിട്ടൂരത്തിനനുസരിച്ച് വ്യാപാരത്തീരുവ ഏര്‍പ്പെടുത്താന്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാട് എസ് സിഒ സമ്മേളനത്തില്‍ ഉയര്‍ന്നുവരുന്നു. ഇത് എന്തായാലും ട്രംപിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും എന്നതില്‍ സംശയമില്ല.

ഇന്ത്യയും ചൈനയും തമ്മിലുള്ള തീര്‍ത്ഥാടനം പുനരാരംഭിക്കാന്‍ പോവുകയാണ്. മതടൂറിസവും ഇന്ത്യ കൂടുതല്‍ പുനരുജ്ജീവിപ്പിക്കും. ഇന്ത്യ-ചൈന വിമാനസര്‍വ്വീസ് ശക്തമാക്കാന്‍ പോവുകയാണ്. ഏഷ്യയിലെ തെക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം സുഗമമാക്കാനുള്ള നീക്കങ്ങളും ശക്തിപ്പെടുത്താന്‍ പോവുകയാണ്.

By admin