
ബെയ്ജിംഗ് : ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് ഏറെ വിശ്വസിച്ച് കൈപിടിച്ചുയര്‍ത്തിയ സഖാക്കള്‍ തന്നെ ഭരണത്തിനും ചൈനയെന്ന പ്രതിരോധശക്തിയ്‌ക്കും പാരയാവുന്നു. കൈക്കൂലി കണ്ടാല്‍ അവിടെ കമിഴ്ന്നടിച്ച് വീഴുകയാണ് സഖാക്കള്‍.
ചൈനയുടെ റോക്കറ്റ് ഫോഴ്സിലെ ചില ഉന്നതോദ്യോഗസ്ഥരെ ഈയിടെ ഷീ ജിന്‍പിങ്ങ് പുറത്താക്കിയതിന് കാരണമായി ചൂണ്ടിക്കാട്ടിയത് കൈക്കൂലിയും അഴിമതിയുമാണ്. പക്ഷെ അത് മാത്രമല്ല, അവര്‍ ജോലികളില്‍ പിഴവ് വരുത്തുകയും ചെയ്യുന്നു. ഒരു ആണവമിസൈലിനുള്ളില്‍ ഇന്ധനത്തിന് പകരം വെള്ളമാണ് നിറച്ചുവെച്ചിരുന്നത്. അതുപോലെ പടിഞ്ഞാറന്‍ ചൈനയിലെ മിസൈല്‍ സൈലോകളുടെ മൂടി തുറന്നുവെയ്‌ക്കാതിരുന്നതും വലിയ പിഴവായി ചൂണ്ടിക്കാണിക്കുന്നു. ഒരു സായുധശക്തി എന്ന നിലയില്‍ ചൈനയുടെ ഉള്ളിലെ ദൗര്‍ബല്യങ്ങളാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
ചൈനയുടെ ആണവായുധം സംബന്ധിച്ച രഹസ്യങ്ങള്‍ ബദ്ധശത്രുവായ അമേരിക്കയ്‌ക്ക് ചോര്‍ത്തി നല്‍കിയതിനാണ് ഷാങ് യൂക്സിയ എന്ന സീനിയല്‍ പട്ടാള ജനറലിനെ കസ്റ്റഡിയില്‍ എടുത്തത്. ഷീ ജിന്‍പിങ്ങിന്റെ ഏറ്റവും വിശ്വസ്തനായി അറിയപ്പെടുന്ന പട്ടാള ജനറല്‍ ആയിരുന്നു ഷാങ് യൂക്സിയ.
സൈന്യത്തിലെ അഴിമതി ചൈനയുടെ പ്രതിരോധ ശേഷിയെ ബാധിക്കരുത് എന്നതിനാലാണ് ഷീ ജിന്‍പിങ്ങ് ശുദ്ധികലശം നടത്തുന്നത് എന്നാല്‍ പുറത്താക്കപ്പെടുന്നവര്‍ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നല്ല പിടിപാടുണ്ട്. ഭാവിയില്‍ ഈ സ്വാധീനം ചൈനീസ് ഗവണ്‍മെന്‍റിനെതിരെ ഇവര്‍ ഉപയോഗിച്ചേക്കുമെന്നും ഭയപ്പെടുന്നു.