
ഇസ്ലാമബാദ്: ചൈനയുമായി പാകിസ്ഥാന്‍ അകലുന്നു എന്ന സൂചന നല്‍കിക്കൊണ്ട് ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ലോകം മുഴുവന്‍ വ്യാപാരപാതകളുടെ ഭീമന്‍ ശൃംഖല തുറക്കുന്നതാണ് ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി. ഇതുവഴി ചൈനയുടെ മറ്റ് രാഷ്‌ട്രങ്ങളിലേക്കുള്ള ചരക്ക് കൈമാറ്റം സുഗമവും ചെലവ്കുറഞ്ഞതും ആക്കുകയാണ് ലക്ഷ്യം. അതോടെ ചൈന മറ്റൊരു രാജ്യത്തിനും തോല്‍പ്പിക്കാനാവാത്ത സൂപ്പര്‍ പവര്‍ ആയി മാറും.
എന്നാല്‍ പാകിസ്ഥാന്‍ ഈയിടെ അമേരിക്കയുമായി ബന്ധം ശക്തിപ്പെടുത്തിയതോടെ ട്രംപ് പാകിസ്ഥാനെ ചൈനയില്‍ നിന്നും പരമാവധി അകറ്റുകയാണ്. ഇതാണ് പാകിസ്ഥാന്റെ പുതിയ മനംമാറ്റത്തിന് കാരണമെന്ന് അറിയുന്നു. ചൈന 2013ല്‍ ആവിഷ്‌കരിച്ച ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി 70 രാജ്യങ്ങളെയും അന്താരാഷ്‌ട്ര സംഘടനകളെയും സഹകരിപ്പിച്ചുള്ള ചൈനയുടെ നേതൃത്വത്തിലുള്ള ഒരു ആഗോള അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചൈനയുടെയും ആഗോള ശക്തി വിളിച്ചറിയിക്കുന്ന പദ്ധതിയാണിത്. 2015ലാണ് ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ ഭാഗമാകാന്‍ സമ്മതം മൂളി പാകിസ്ഥാനും ചൈനയും കരാറില്‍ ഒപ്പുവെച്ചത്. ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ നട്ടെല്ലായിരുന്നു ചൈന-പാകിസ്ഥാന്‍ ഇടനാഴി. അതാണ് ഇപ്പോള്‍ ഇല്ലാതാകുന്നത്.
ചൈനയുടെ പ്രസിഡന്‍റ് ഷീയുടെ അഭിമാനപദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി. ഇതില്‍ ബെല്‍റ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മധ്യേഷ്യയിലെ വിവിധ രാജ്യങ്ങളെ റോഡും റെയില്‍വേലൈനും വഴി ബന്ധിപ്പിക്കുകയാണെങ്കില്‍ റോഡ് എന്നത് കൊണ്ടുദ്ദേശിക്കുന്നത് തെക്ക്കിഴക്കന്‍ ഏഷ്യയെ തെക്കന്‍ ഏഷ്യ, മധ്യേഷ്യ, ആഫ്രിക്ക എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്തോ-പസഫിക് കടല്‍പാതയാണ്. ഈ പദ്ധതിയുടെ ഭാഗമായി തുറമുഖങ്ങള്‍, റോഡുകള്‍, വിമാനത്താവളങ്ങള്‍, അണക്കെട്ടുകള്‍, ടണലുകള്‍, അംബരചുംബികളായ കെട്ടിടങ്ങള്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്.
ലോകമേധാവിത്വം ഉറപ്പിക്കാനുള്ള ചൈനയുടെ പദ്ധതിയായി പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയെ കുറ്റപ്പെടുത്തുന്നു.